കോഴിക്കോട്: അസ്വാഭാവികമായി പനി ബാധിച്ച് രണ്ടുപേര്‍ മരിച്ചത് നിപ മൂലമെന്ന് സംശംയം. മരിച്ച ഒരാളുടെ ബന്ധുക്കളും പനിബാധിച്ച് ആശുപത്രിയിലാണ്. 49 ഉം 56 ഉം വയസുള്ള രണ്ട് പേരാണ് പനി ബാധിച്ച് മരിച്ചത്. നിപയെന്ന് സംശയമുള്ളതിനാൽ ജില്ലയില്‍ ആരോഗ്യ വകുപ്പ് ആരോഗ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ചേര്‍ന്നു.
കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് രണ്ട് പേരും മരിച്ചത്. ആശുപത്രിയിലുള്ള മറ്റ് രോഗികളെ ക്വാറന്റീനിലാക്കിയിട്ടുണ്ട്. രണ്ട് സ്വകാര്യ ആശുപത്രികളിൽ ചികിത്സ നൽകിയ ആരോഗ്യ പ്രവർത്തകരെ ഐസൊലേറ്റ് ചെയ്യാനും പനിബാധിച്ചവരുടെ കോൺടാക്റ്റ് ലിസ്റ്റ് ശേഖരിക്കാനും നിർദേശം നൽകിയിട്ടുണ്ട്.
ന്യൂമോണിയ ബാധിച്ചാണ് രണ്ട് പേരുടെയും മരണം . 125 ഓളം പേർക്ക് പനി സർവ്വേ ഇതിനകം തന്നെ ആരോഗ്യ വകുപ്പ് നടത്തിയിട്ടുണ്ട്. ഇതിൽ അഞ്ച് പേർക്ക് പനി സ്ഥിരീകരിച്ചു. ഇവരുൾപ്പെടെയുളളവർ നിരീക്ഷണത്തിലാണ്.
രോഗാവസ്ഥയിലുള്ളവരുടെ രക്തം വിദഗ്ധ പരിശോധനകൾക്കായി അലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ടെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ കെ രാജാറാം പറഞ്ഞു. കൂടുതൽ വിവരങ്ങൾ റിപ്പോർട്ട് വന്ന ശേഷം മാത്രമേ വ്യക്തമാകൂ.