അദാനിക്കെതിരായ വാർത്ത: കേസെടുത്ത ഗുജറാത്ത് പൊലീസിനെതിരെ 2 വിദേശ മാധ്യമപ്രവർത്തകർ സുപ്രീംകോടതിയിൽ

കൊച്ചി; അദാനിക്കെതിരായ റിപ്പോർട്ടിൽ ഫിനാൻഷ്യൽ ടൈംസിലെ രണ്ട് മാധ്യമപ്രവർത്തകരോട് ഹാജരാകാനാവശ്യപ്പെട്ട് ഗുജറാത്ത് പൊലീസ് നൽകിയ നോട്ടിസിനെതിരെ മാധ്യമപ്രവർത്തകർ സുപ്രീംകോടതിയെ സമീപിച്ചു. ഫിനാൻഷ്യൽ ടൈംസിലെ മാധ്യമപ്രവർത്തകരായ ബെഞ്ചമിൻ നിക്കോളാസ് ബ്രുക് പാർക്കിനും ക്ലോ നീന കോർണിഷുമാണ് കോടതിയെ സമീപിച്ചത്.

ഏതു നിയമമനുസരിച്ചാണ് തങ്ങൾക്ക് നോട്ടിസ് നൽകിയതെന്നും അതിന് ഗുജറാത്ത് പൊലീസിനെന്ത് അധികാരമാണുള്ളത് എന്നും അവർ ചോദിക്കുന്നു. എഫ്‌ ഐ ആറിന്റെ വിവരങ്ങൾ തരാന്‍ പൊലീസ് തയാറാകുന്നില്ല എന്നും ഇവർ നവംബർ 6ന് കോടതിയെ അറിയിക്കുകയും നവംബർ 10ന് കോടതി ഇടക്കാല ജാമ്യം അനുവദിക്കുകയും ചെയ്തു.

ഓഗസ്റ്റ് 31ന് ഫിനാൻഷ്യൽ ടൈംസിൽ വ്യവസായി ഗൗതം അദാനിയെ കുറിച്ച് വന്ന റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് ഗുജറാത്ത് പൊലീസ് നടപടിയിലേക്ക് നീങ്ങിയത്. ഓസിസിആർപിയുടെയും ഗാർഡിയന്റെയും ഒപ്പമാണ് ഫിനാൻഷ്യൽ ടൈംസും റിപ്പോർട്ട് പുറത്ത് വിട്ടത്.

ഫിനാൻഷ്യൻ ടൈംസിലെ റിപ്പോർട്ട് എഴുതിയത് കോർണിഷോ പാർക്കിനോ അല്ല എന്നിരിക്കെയാണ് ഇവർക്കെതിരെ പൊലീസ് നടപടിയെടുത്തിരിക്കുന്നത്.

ഏഴു ദിവസത്തിനുള്ളിൽ ഗുജറാത്ത് ക്രൈം ബ്രാഞ്ചിന് മുന്നിൽ ഹാജരാകണം എന്നാണ് നോട്ടിസിൽ പറയുന്നത്. അദാനി ഗ്രൂപ്പിനെതിരെ അടിസ്ഥാനരഹിതമായ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് എന്നതാണ് ഇവർക്കെതിരെയുള്ള ആരോപണം. പാർക്കിങ് ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. കോർണിഷ് ഫിനാൻഷ്യൽ ടൈംസിന്റെ മുംബൈ കറസ്പോണ്ടന്റാണ്. രണ്ടുപേരും ബ്രിട്ടിഷ് പൗരന്മാരുമാണ്. നോട്ടിസ് വന്നതിനെ തുടർന്ന് തങ്ങൾക്കെതിരെയുള്ള പരാതി എന്നതാണെന്ന് രണ്ടുപേരും പോലീസിനോട് രേഖാമൂലം ചോദിച്ചു. ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് തങ്ങൾക്കെതിരെ കേസെടുത്തിരിക്കുന്നത് എന്നും, എഫ് ഐ ആർ റജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ കോപ്പിയും അവർ പൊലീസിനോട് ചോദിച്ചു. എന്നാൽ ഒരു പ്രതികരണവും ലഭിച്ചില്ല .

യോഗേഷ് മഫ്‌ത് ലാൽ ബൻസാലി എന്ന നിക്ഷേപകന്റെ പരാതിയിലാണ് പരാതിയെടുത്തതെന്നാണ് പൊലീസ് നൽകുന്ന മറുപടി.ഇതിനു മുമ്പ് അദാനിക്കെതിരെ റിപ്പോർട്ട് എഴുതിയതിന്റെ പേരിൽ ഓസിസിആർപിയുടെ മാധ്യമപ്രവർത്തകരായ രവി നായർ, ആനന്ദ് മംഗലെ എന്നിവർക്കെതിരെയെടുത്ത കേസിനു പിന്നിലും ബൻസാലിയുടെ പരാതി തന്നെയായിരുന്നു. ആ കേസിലും രണ്ടുപേർക്കും കോടതിൽ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

പൊലീസിന് എഴുതിയ മറുപടിയിൽ പാർക്കിനും കോർണിഷും 2009ലെ ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ട് ഉദ്ധരിക്കുന്നുണ്ട്. ആ റിപ്പോർട്ട് പ്രകാരം, പരാതി നൽകിയ ബന്സാലിയെ നിക്ഷേപം നടത്തുന്നതിൽ നിന്ന് മൂന്നു വർഷത്തേക്ക് വിലക്കിയിട്ടുണ്ട്. ആ വ്യക്തിയുടെ പരാതിയിലാണ് ഇപ്പോൾ നോട്ടിസ് അയച്ചത്.

2 foreign journalists moved Supreme court against Gujarat Police