ഹവായ് ദ്വീപുകളിലെ കാട്ടുതീ; മരണസംഖ്യ ഉയരുന്നു

കഹുലുയി: ഹവായ് ദ്വീപുകളിൽ പടർന്ന കാട്ടുതീയില്‍ മരണ സംഖ്യ ഉയരുന്നു. 55 പേരുടെ മൃതദേഹങ്ങളാണ് ഇതുവരെ വീണ്ടെടുത്തത്. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ആയിരത്തിലധികം പേരെ കാണാതായി. യുഎസ് ഭരണപ്രദേശമായ ദ്വീപുകളിൽ നാവികസേനയും കോസ്റ്റ്ഗാർഡും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.

അപകട മേഖലകളില്‍ നിന്ന് 11,000 ത്തോളം പേരെ ഒഴിപ്പിച്ചു. വൈദ്യുതി ലൈനുകൾ പൊട്ടിവീണും 675 ഏക്കറിലധികം ഭൂമി കത്തിനശിച്ചും വ്യാപക നാശമാണ് ദ്വീപ സമൂഹത്തില്‍ സംഭവിച്ചിരിക്കുന്നത്. പതിനായിരക്കണക്കിന് ജനങ്ങള്‍ വെെദ്യുതിയില്ലാതെ പ്രതിസന്ധിയിലാണ്. കാറ്റിന്റെ ശക്തിയേറുന്നത് തീ അണയ്ക്കാനുള്ള രക്ഷാ പ്രവർത്തകരുടെ ശ്രമത്തിന് തടസമാകുന്നുണ്ട്.

മൗവി ദ്വീപിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. മൗവി കൗണ്ടിയിലെ ചരിത്രപ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ലഹൈന പൂർണമായും ചാരമായ അവസ്ഥയിലാണ്. വീടുകളും പുരാതന സ്മാരകങ്ങളടക്കം 270 കെട്ടിടങ്ങൾ കത്തിയമർന്നു. ഒട്ടേറെ വാഹനങ്ങളും കത്തിനശിച്ചു. 1873 ൽ ഇന്ത്യയിൽനിന്നു കൊണ്ടു നട്ടതും ഇപ്പോൾ വലിയൊരു പ്രദേശം മുഴുവൻ നിറഞ്ഞു നിൽക്കുന്നതുമായ കൂറ്റൻ അരയാൽമരവും തീയിൽപ്പെടതായാണ് വിവരം.

ബോംബ് വര്‍ഷിക്കപ്പെട്ടതു പോലെയുള്ള നാശനഷ്ടങ്ങളാണ് മേഖലയിലുണ്ടായിരിക്കുന്നതെന്ന് ഹവായി ഗവര്‍ണര്‍ ജോഷ് ഗ്രീന്‍ പ്രസ്കാവനയില്‍ പറഞ്ഞു. ലഹൈന നഗരത്തെ പഴയ നിലയിലേക്ക് എത്തിക്കാന്‍ ഇനി വർഷങ്ങളുടെ പരിശ്രമം വേണ്ടിവരുമെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. കാട്ടുതീയുടെ അപകട വ്യാപ്തി കണക്കാക്കിയതനുസരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ പുനർനിർമ്മാണ ഫണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

2023 ഓഗസ്റ്റ് 10-നാണ് യുഎസിലെ ലഹൈന, മൗയി, ഹവായ് എന്നിവിടങ്ങളിലായി ശക്തമായ കാട്ടുതീ പടർന്നുപിടിച്ചത്. ‘ഡോറ’ ചുഴലിക്കാറ്റ് തീനാളങ്ങളെ ആളിക്കത്തിച്ചതാണ് ഭൂരിഭാഗം പ്രദേശങ്ങളിലും വ്യാപകനാശമുണ്ടാകാന്‍ കാരണം. വേനൽച്ചൂടിൽ ഉണക്കപ്പുല്ലുകളിൽ നിന്നാണ് തീ ആരംഭിച്ചതെന്ന് കണക്കാക്കപ്പെടുന്നു. ദ്വീപുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. 

More Stories from this section

family-dental
witywide