
ടെല്‍ അവീവ്: കരയിലൂടെയും കടലിലൂടെയും ആകാശത്തു കൂടെയും ആക്രമണങ്ങള്‍ നടത്തി ഇസ്രയേലിനെ ഞെട്ടിക്കുകയാണ് ഹമാസ്. ഒഫാകിം നഗരത്തിലാണ് വ്യാപക ആക്രമണം നടന്നത്. ആക്രമണങ്ങളില്‍ ഇതുവരെ 22 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം. നൂറിലധികമാളുകള്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ശനിയാഴ്ച രാവിലെയോടെയാണ് ഹമാസ് പോരാളികള്‍ ഇസ്രയേലിന്റെ തെക്കന്‍ നഗരങ്ങളില്‍ ആക്രമണം ആരംഭിച്ചത്. സൈനിക ക്യാമ്പുകളിലേക്ക് ഇടിച്ചു കയറിയ ഇവര്‍ 33 ഇസ്രയേലി സൈനികരെ ബന്ദികളാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.
അതേസമയം, സൈനികരെ ഹമാസ് ബന്ദികളാക്കിയത് ഇസ്രയേല്‍ സ്ഥിരീകരിച്ചിട്ടില്ല. ഹമാസ് കേന്ദ്രങ്ങളില്‍ ഇസ്രായേല്‍ വ്യോമാക്രമണം ആരംഭിച്ചു കഴിഞ്ഞു.
രാജ്യത്താകെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ജനങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി നെതന്യാഹു എല്ലാവരും സജ്ജരായിരിക്കുവാന്‍ ആവശ്യപ്പെട്ടു. നമ്മള്‍ യുദ്ധത്തിലാണ്. ഈ യുദ്ധം നമ്മള്‍ ജയിക്കുകതന്നെ ചെയ്യും. ഇതൊരു ചെറിയ ഓപറേഷന്‍ അല്ല, യുദ്ധമാണ്. ഈ ചെയ്തതിന് സമാനതകളില്ലാത്ത വില ഹമാസ് നല്‍കേണ്ടി വരും എന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലിലെ ഇന്ത്യക്കാര്‍ക്ക് വിദേശകാര്യ മന്ത്രാലയം ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇസ്രയേല്‍-ഹമാസ് യുദ്ധം ശക്തമായ സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്താനും പരമാവധി താമസസ്ഥലങ്ങളില്‍ തന്നെ കഴിയാനുമാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. വീടുകളുടെ പുറത്തിറങ്ങരുതെന്നും ഇപ്പോഴെവിടെയാണോ ഉള്ളത് ആ സ്ഥലങ്ങളില്‍ തന്നെ തുടരാനും നിര്‍ദ്ദേശത്തില്‍ പറയുന്നു. എന്തെങ്കിലും അടിയന്തര സാഹചര്യമുണ്ടായാല്‍ ബന്ധപ്പെടാനായി ഫോണ്‍ നമ്പറും നല്‍കിയിട്ടുണ്ട്.
22-dead-in-israel-in–hamas-attack-33-soldiers-taken-hostage-















