
വാഷിംഗ്ടണ്‍: അമേരിക്കയിലെ വടക്കുകിഴക്കന്‍ സംസ്ഥാനമായ മെനിയിലെ ലുവിസ്റ്റണിലെ വിവിധ ഇടയിലാണ് അജ്ഞാതന്‍ വെടിവെപ്പ് നടത്തിയത്. ജനക്കൂട്ടത്തിന് നേരെ പലയിടങ്ങളിലും ഇയാള്‍ വെടിയുതിര്‍ത്തു. വെടിവെപ്പില്‍ കുറഞ്ഞത് 22 പേര്‍ കൊല്ലപ്പെട്ടു എന്നാണ് പുറത്തുവരുന്ന വിവരം. അറുപതിലേറെ പേര്‍ക്ക് പരുക്കേറ്റുവെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്തു. മരണ സംഖ്യ ഉയരാന്‍ സാധ്യതയുണ്ട്. ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്.
ലൂവിസ്റ്റണിലെ ഒരു ബാറിലും വോള്‍മാര്‍ട്ട് ഡിസ്ട്രിബ്യൂഷന്‍ സെന്ററിലും ഇയാള്‍ വെടിവെപ്പ് നടത്തിയതായി സണ്‍ ജേര്‍ണല്‍ ന്യൂസ് പേപ്പര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അക്രമിയെന്ന് കരുതുന്ന ആളുകളുടെ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടു. ഇയാളെ കുറിച്ച് വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്നാണ് പൊലീസിന്റെ അഭ്യര്‍ത്ഥന. 41 വയസ്സുള്ള റോബര്‍ട്ട് കാര്‍ഡാണ് അക്രമിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളുടെ ചിത്രങ്ങളൂം പൊലീസ് പങ്കുവെച്ചിട്ടുണ്ട്. ഇയാള്‍ ആര്‍മിയില്‍ ജോലി ചെയ്തിരുന്ന ജീവനക്കാരനാണെന്നും ഇയാള്‍ ഇപ്പോൾ ആയുധ പരിശീലകനാണെന്നും പൊലീസ് റിപ്പോര്‍ട്ടിലുണ്ട്.

സംഭവം വലിയ ഞെട്ടലാണ് അമേരിക്കയില്‍ ഉണ്ടാക്കിയിരിക്കുന്നത്. ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് നിര്‍ദ്ദേശിച്ചു. അജ്ഞാതനായ അക്രമിക്ക് വേണ്ടി തിരച്ചില്‍ തുടരുകയാണ്. കറുത്ത പാന്റും ബ്രൗണ്‍ ടീഷര്‍ട്ടുമാണ് ഷൂട്ടര്‍ ധരിച്ചിരിക്കുന്നത്. ഇയാളുടെ ചിത്രങ്ങള്‍ പൊലീസ് ഫേസ് ബുക്കിലൂടെയും എക്സിലൂടെയും പുറത്തുവിട്ടു. തോക്കുമായി ഇയാള്‍ നീങ്ങുന്നത് പലരും മൊബൈലില്‍ ചിത്രീകരിച്ചിട്ടുണ്ട്.
22 people were killed in mass shooting at US