
ടെല്‍ അവീവ്: ഗാസ അതിര്‍ത്തിയോട് ചേര്‍ന്ന കിബുട്സില്‍ ഒരു സംഗീതോല്‍സവം നടക്കുകയായിരുന്നു. മണലാരണ്യത്തിനടുവില്‍ ഉയര്‍ന്ന വേദിയില്‍ സൂപ്പര്‍നോവ എന്നു പേരിട്ട ഉല്‍സവദിനങ്ങള്‍ . പാട്ടും നൃത്തവുമായി ജനം ആഘോഷത്തിലായിരുന്നു. പ്രത്യേകിച്ച് യുവാക്കള്‍… പുലരുവോളം.. പൊടുന്നനെ ആഘോഷത്തിമിര്‍പ്പിലായിരുന്ന അവരുടെ തലയ്ക്കു മുകളില്‍ റോക്കറ്റ് ആക്രമണം നടന്നു. ഭയന്നു വിറച്ച് വേദിയില്‍ നിന്ന് പേടിച്ചോടുന്നവരെ വാതില്‍ക്കല്‍ നില്‍ക്കുന്ന ഹമാസ് സായുധ സംഘം നിര്‍ദയമായി വെടിവച്ചു വീഴ്ത്തി.. തീതുപ്പുന്ന യന്ത്രത്തോക്കുകള്‍ക്കു മുന്നില്‍ അവര്‍ പിടിഞ്ഞു വീണു. വേദിക്കു വെളിയില്‍ മരിച്ചു കിടന്നത് 260 പേര്‍ … കണക്ക് ഇവിടെ അവസാനിക്കുന്നില്ല. ഒരുവിധത്തില്‍ രക്ഷപ്പെട്ട് ഓടിയവരെ പിന്തുടര്‍ന്ന് വെടിയുതിര്‍ത്തു ഹമാസ്… വഴിയില്‍, വാഹനങ്ങളില്‍ മരിച്ചു കിടക്കുന്ന ഒട്ടേറെപ്പേര്‍.. കൊല്ലാന്‍ പറ്റാത്ത ഒട്ടേറെപ്പരെ ഹമാസ് ബന്ദികളാക്കി. അവര്‍ എവിടെയെന്ന് ആര്‍ക്കും അറിയില്ല. ജീവിച്ചിരിക്കുന്നോ മരിച്ചോ എന്നും അറിയില്ല. ഹമാസ് പുറത്തുവിട്ട വിഡിയോ കണ്ട് തങ്ങളുടെ പ്രിയപ്പെട്ടവരെ ഓര്‍ത്ത് നിലവിളിക്കുകയാണ് ഇസ്രയേലികള്‍..
ഹമാസ് ആദ്യം അക്രമം അഴിച്ചുവിട്ടത് ഇവിടെയായിരുന്നു. പിന്നീടാണ് അവര്‍ മുന്നോട്ടു നീങ്ങിയത്. രക്ഷപ്പെട്ട് കുറ്റിക്കാടുകളിലും മറ്റുമായി മണിക്കൂറുകോളം ഒളിച്ചിരുന്ന് ഒരുവിധം രക്ഷപ്പെട്ട കുറച്ചു പേരുണ്ട്. അവരാണ് ലോകത്തോട് ആ നരനായാട്ടിൻ്റെ കഥകള്‍ പറഞ്ഞത്.
“റോക്കറ്റുകളെ കുറിച്ച് മുന്നറിയിപ്പ് നൽകി പുലർച്ചെ ഒരു സൈറൺ മുഴങ്ങി. അതായിരുന്നു ആദ്യ സൂചന. രാവിലെ ആറരയോടെ സൈറണുകൾക്കൊപ്പം റോക്കറ്റുകളുടെ ശബ്ദവും കേൾക്കാൻ തുടങ്ങി…. വൈദ്യുതി നിലച്ചു , പെട്ടെന്ന് സായുധസംഘം എല്ലാ ദിശകളിൽ നിന്നും വെടിയുതിർത്തു കൊണ്ട് അകത്തേക്ക് വരുകയായിരുന്നു,” ദൃസാക്ഷികളെ ഉദ്ധരിച്ച് ഇസ്രായേൽ പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സംഗീത വേദിയെ ലക്ഷ്യമിട്ട് മിസൈലുകൾ പാഞ്ഞുവന്നു. രക്ഷപ്പെടാൻ ശ്രമിച്ചവർക്ക് നേരെ ഹമാസ് വെടിയുതിർത്തു. സൈനിക യൂണിഫോം ധരിച്ചാണ് അമ്പതോളം പേർ വാനുകളിൽ എത്തിയത്.
“ഞങ്ങൾ ഒരു തുറസായ സ്ഥലത്തായിരുന്നതിനാൽ ഞങ്ങൾക്ക് ഒളിക്കാൻ പോലും സ്ഥലമില്ലായിരുന്നു,” ഗിബ്ലി എന്ന ദൃക്സാക്ഷി സിഎൻഎന്നിനോട് പറഞ്ഞു. “എല്ലാവരും പരിഭ്രാന്തരായി, ഓടാന്‍ തുടങ്ങി. ആളുകൾ കാറുകളിൽ രക്ഷപെടാൻ ശ്രമിച്ചു. എന്നാൽ റോഡുകൾ അടച്ചതോടെ അവർ എങ്ങോട്ടും നീങ്ങാൻ കഴിയാത്ത വിധം അവിടെ കുടുങ്ങി’. സംഗീത പരിപാടിയിൽ നിന്നുള്ള നിരവധി വിഡിയോകളിൽ ആളുകൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുന്നത് കാണാം. പശ്ചാത്തലത്തിൽ ഹമാസിന്റെ വെടിയൊച്ചകളും കേൾക്കാം.
260 bodies found at Israel music festival site attacked by Hamas ; report














