ആന്ധ്രാപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം; മൂന്ന് മരണം

ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് മൂന്ന് മരണം. നാല്പതു പേർക്ക് പരുക്കേറ്റു. വിശാഖപട്ടണത്തില്‍ നിന്ന് റായഗാഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനും എക്‌സ്പ്രസ് ട്രെയിനുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

ആന്ധ്ര മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി വേഗത്തിലുള്ള ദുരിതാശ്വാസ നടപടികൾ സ്വീകരിക്കാനും പരുക്കേറ്റവർക്ക് ഉടനടി വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നുള്ള പ്രസ്താവനയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. അപകടത്തിൽ മരിച്ചവർക്ക് ആന്ധ്ര മുഖ്യമന്ത്രി ജഗൻ റെഡ്ഡി അനുശോചനം രേഖപ്പെടുത്തി.

“കണ്ടകപ്പള്ളി ട്രെയിൻ അപകടത്തിൽ മുഖ്യമന്ത്രി അഗാധമായ നടുക്കം രേഖപ്പെടുത്തി. ദ്രുതഗതിയിൽ ആശ്വാസ നടപടികൾ കൈക്കൊള്ളാനും പരുക്കേറ്റവർക്ക് ഉടനടി വൈദ്യസഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. സമീപ ജില്ലകളായ വിശാഖപട്ടണം, അനകപ്പള്ളി എന്നിവിടങ്ങളിൽ നിന്ന് കഴിയുന്നത്ര ആംബുലൻസുകൾ അയക്കണമെന്നും സമീപത്തെ ആശുപത്രികളിൽ ചികിത്സ ലഭ്യമാക്കാൻ എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ സമയാസമയങ്ങളിൽ തന്നെ അറിയിക്കണമെന്നും അദ്ദേഹം നിർദേശിച്ചു.” സിഎംഒ എക്‌സിൽ പോസ്റ്റ് ചെയ്തു.

പാളം തെറ്റിയ കോച്ചുകളും ആളുകൾ തിങ്ങിക്കൂടുന്നതും സംഭവ സ്ഥലത്തു നിന്നുള്ള ചിത്രങ്ങളിൽ കാണാം.

More Stories from this section

family-dental
witywide