
ഗുഡ്ഗാവ്: ആറുവയസ്സുകാരിയെ ബലാത്സംഗം ചെയ്ത കേസിൽ ഉത്തർപ്രദേശിൽ നിന്നുള്ള 35 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ചയായിരുന്നു അറസ്റ്റ്.
ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പെൺകുട്ടിയുടെ അമ്മയും അച്ഛനും ജോലിസ്ഥലത്തും പെൺകുട്ടി സഹോദരിയുമൊത്ത് വീട്ടിലുമായിരുന്നു.
സെക്ടർ 15-ന് സമീപമുള്ള കോളനിയിൽ കുടുംബത്തോടൊപ്പം താമസിച്ചിരുന്ന ഉത്തർപ്രദേശ് സ്വദേശി സതേന്ദർ കുമാറാണ് പ്രതിയെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്.
ഉത്തർപ്രദേശ് സ്വദേശിനിയായ പെൺകുട്ടി ഇയാളുടെ അയൽപക്കത്താണ് താമസിക്കുന്നതെന്നും പെൺകുട്ടി പ്രതിയെ ‘മാമ’ എന്നാണ് വിളിച്ചിരുന്നതെന്നും പൊലീസ് കൂട്ടിച്ചേർത്തു.
“എന്റെ ആറ് വയസ്സുള്ള മകൾ സതേന്ദറിന്റെ മുറിയിലേക്ക് പോയി. അവിടെ അവൻ തനിച്ചായിരുന്നു. മൊബൈലിൽ അശ്ലീല വീഡിയോ കാണുകയും അയാൾ മുറി പൂട്ടി എന്റെ മകളെ ബലാത്സംഗം ചെയ്യുകയും സംഭവം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു,” പെൺകുട്ടിയുടെ അമ്മ പരാതിയിൽ പറഞ്ഞു.
എന്തോ സംശയം തോന്നിയ മകളോട് അന്വേഷിച്ചപ്പോഴാണ് അമ്മ സംഭവം അറിയുന്നത്.
പൊലീസ് പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി സിവിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയി. അവിടെ ഡോക്ടർമാർ ബലാത്സംഗം സ്ഥിരീകരിച്ചതായി പൊലീസ് പറഞ്ഞു.
കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽ നിന്നുള്ള സംരക്ഷണം (പോക്‌സോ) നിയമപ്രകാരം പ്രതിക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.