മണിപ്പൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ 6പേര്‍ പിടിയില്‍

ഇംഫാല്‍: മണിപ്പൂരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ആറു പേരെ സിബിഐ അറസ്റ്റ് ചെയ്തു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തു. സംഭവത്തില്‍ ഇംഫാലില്‍ നിന്ന് രണ്ട് സ്ത്രീകളെയാണ് കസ്റ്റഡിയിലെടുത്തത്. അറസ്റ്റിലായവരില്‍ നാലു സ്ത്രീകളും രണ്ട് പുരുഷന്മാരുമാണുള്ളത്. രണ്ടുപേര്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടികളാണ്.

ജൂലൈയിലാണ് മെയ്തെയ് വിഭാഗത്തില്‍പ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളെ കാണാതാകുന്നത്. കഴിഞ്ഞാഴ്ചഇവരുടെ മൃതദേഹത്തിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ വന്‍ പ്രതിഷേധമായിരുന്നു മണിപ്പൂരിലുണ്ടായത്. ലിന്തോയിങ്കമ്പി(17), ഫിജാം ഹേംജിത്ത്(20) എന്നിവരാണ് കൊല്ലപ്പെട്ടത്.

പ്രതികളെ പിടികൂടാനായി പോലീസും സൈന്യവും ഒരുമിച്ച് നടത്തിയ അന്വേഷണത്തില്‍ ചുരാചന്ദ്പൂരില്‍ നിന്നാണ് ആറു പേരും അറസ്റ്റിലായത്. ഇവരെ പിടികൂടിയതിന് ശേഷം സിബിഐയ്ക്ക് കൈമാറുകയായിരുന്നു. കുറ്റവാളികള്‍ക്ക് വധശിക്ഷ ഉറപ്പാക്കുമെന്ന്‌ മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരേന്‍ സിങ് അറിയിച്ചു.

‘കുറ്റകൃത്യം ചെയ്തതിന് ശേഷം അവര്‍ ഒളിച്ചോടിയേക്കാം. പക്ഷേ നിയമത്തിന്റെ കൈകളില്‍ നിന്ന് അവര്‍ക്ക് രക്ഷപ്പെടാന്‍ സാധിക്കില്ല. അവര്‍ ചെയ്ത കുറ്റത്തിന് വധശിക്ഷ ഉള്‍പ്പെടെയുള്ള പരമാവധി ശിക്ഷ ഉറപ്പാക്കാന്‍ ഞങ്ങള്‍ എല്ലാവരും പ്രതിജ്ഞാബദ്ധരാണ്’. മുഖ്യമന്ത്രി ബിരേന്‍ സിങ് സമൂഹമാധ്യമമായ എക്‌സില്‍ കുറിച്ചു.

മണിപ്പൂര്‍ പ്രതിസന്ധിയെ മുതലെടുത്ത് മ്യാന്‍മാറില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നുമുള്ള ഭീകരര്‍ ചില കുംകി വിമത ഗ്രൂപ്പുകളുമായി കൈകോര്‍ത്തിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമമങ്ങളോട് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ചുരാചന്ദ്പൂരില്‍ നിന്ന് ഒരു തീവ്രവാദിയെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

More Stories from this section

family-dental
witywide