
അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ നാല് സംസ്ഥാനങ്ങളിലെ ഫലം ഇന്നറിയാം. തിരഞ്ഞെടുപ്പ് നടന്ന മിസോറാമിലെ വോട്ടെണ്ണൽ തിങ്കളാഴ്ചയിലേക്ക് മാറ്റിവക്കുകയായിരുന്നു. തെലങ്കാന, ഛത്തീസ്ഗഡ്, മധ്യപ്രദേശ്, രാജസ്ഥാൻ തുടങ്ങി നാല് സംസ്ഥാനങ്ങളിലെ ഫലമാണ് ഇന്ന് പ്രഖ്യാപിക്കുന്നത്.
രാവിലെ എട്ടുമണിയോടെ വോട്ടണ്ണൽ ആരംഭിക്കുന്ന സംസ്ഥാനങ്ങളിലെ ആദ്യ ഫലസൂചനകൾ രാവിലെ 11 മണിയോടെ അറിയാൻ കഴിയും. കർണാടക സംസ്ഥാനത്തെ ഫലം നാല് സംസ്ഥാനങ്ങളിലും ആവർത്തിക്കാൻ കഴിയുമെന്ന ആത്മവിശ്വാസമാണ് കോൺഗ്രസിന്. മോദി പ്രഭാവം വോട്ടാക്കി മാറ്റാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് ബിജെപിയും പറയുന്നത്. കൂടെ തെലങ്കാനയിൽ ബിആർഎസും തികഞ്ഞ ആത്മവിശ്വാസത്തിലാണ്.
എന്നാൽ വിവിധ സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോളുകൾ പുറത്തുവന്നതോടെ പാർട്ടികൾക്ക് ആശങ്കകളുമുണ്ട്. ഛത്തീസ്ഗഡിൽ ഭരണത്തിൽ തുടരാനും തെലങ്കാനയിൽ ബിആർഎസിനെ താഴെയിറക്കി അധികാരത്തിൽ ഏറാനും കോൺഗ്രസിന് കഴിയുമെന്നുമാണ് എക്‌സിറ്റ് പോളുകൾ സൂചിപ്പിക്കുന്നത്. പ്രതികൂല സാഹചര്യത്തിലും രാജസ്ഥാനിൽ ബിജെപി തന്നെ അധികാരത്തിൽ വരുമെന്നും പ്രവചനമുണ്ട്. മധ്യപ്രദേശിൽ ഇരുപാർട്ടികൾക്കും സാധ്യത കൽപ്പിക്കുന്നുണ്ട്.
ജാതി സർവേ മുൻനിർത്തിയായിരുന്നു നാല് സംസ്ഥാനങ്ങളിലും കോൺഗ്രസിന്റെ പ്രചാരണം. ബിജെപി സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങൾ ഉന്നയിക്കുകയും വിവിധ ക്ഷേമപദ്ധതികൾ കോൺഗ്രസ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. അതേസമയം മധ്യപ്രദേശിലെയും രാജസ്ഥാനിലെയും പാർട്ടിക്ക് അകത്ത് തന്നെയുള്ള തർക്കങ്ങളും ഇന്ത്യാ മുന്നണി സഖ്യം തിരഞ്ഞെടുപ്പിൽ നടപ്പാക്കാതെ ഇരുന്നതും കോൺഗ്രസിന് തിരിച്ചടിയാവുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാനങ്ങളിലെ വിവിധ മണ്ഡലങ്ങളിൽ ഇന്ത്യാ മുന്നണികൾ പരസ്പരം മത്സരിക്കുന്നുണ്ട്.
ബിജെപിയിലേക്ക് വരികയാണെങ്കിൽ പ്രദേശിക നേതാക്കളെക്കാൾ നരേന്ദ്രമോദി – അമിത് ഷാ എന്നിവരിൽ കേന്ദ്രീകരിച്ചായിരുന്നു വിവിധ സംസ്ഥാനങ്ങളിലെ പ്രചാരണങ്ങൾ. ക്ഷേമപദ്ധതികൾക്ക് പുറമെ ജാതി രാഷ്ട്രീയവും വർഗീയ പ്രചാരണങ്ങളും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബിജെപി ഉപയോഗിച്ചിരുന്നു. ഇന്ന് ഉച്ചയ്ക്ക് മുന്നേതന്നെ എല്ലാ സംസ്ഥാനങ്ങളിലെയും ട്രെൻഡ് മനസ്സിലാക്കാൻ കഴിയും.