തൃശൂർ : കരുവന്നൂർ ബാങ്ക് തട്ടിപ്പുകേസിലെ മുഖ്യപ്രതിയും സിപിഎം നേതാക്കളുടെസുഹൃത്തുമായ സതീഷ്കുമാർ മറ്റ് ബാങ്കുകളിലും സമാന തട്ടിപ്പ് നടത്തിയെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തി.
സിപിഎം ഭരിക്കുന്ന അയ്യന്തോൾ സഹകരണ ബാങ്കിലൂടെ 10 വർഷത്തിനിടെ വെളുപ്പിച്ചത് 40 കോടിയുടെ കള്ളപ്പണം. സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലുമുള്ള 5 അക്കൗണ്ടുകളിലേക്കു സതീഷ് പണം നിക്ഷേപിച്ചശേഷം പിൻവലിച്ചതിന്റെ രേഖകൾ ഇ.ഡി കണ്ടെത്തി.
തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്ന വിദേശ അക്കൗണ്ടുകളിൽനിന്നു കോടികളുടെ കള്ളപ്പണം കരുവന്നൂർ ബാങ്കിലെത്തിച്ചു വെളുപ്പിച്ചെന്ന കേസിലാണു പി. സതീഷ്കുമാറിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അയ്യന്തോൾ അടക്കം സിപിഎം ഭരിക്കുന്ന പത്തോളം സഹകരണ ബാങ്കുകളിലൂടെ കരുവന്നൂർ മോഡലിൽ സതീഷ് കള്ളപ്പണ ഇടപാടുകൾ നടത്തിയെന്നാണു വിവരം. പണം നിക്ഷേപിച്ചതെല്ലാം കാഷ് ഡിപ്പോസിറ്റായിട്ടാണെങ്കിലും ഏറെയും പിൻവലിച്ചത് മറ്റ് അക്കൗണ്ടുകളിലേക്കു മാറ്റിയ ശേഷമാണ്. ഇ.ഡി വിശദമായ റിപ്പോർട്ട് തേടിയതിനുപിന്നാലെ ബാങ്ക് സകല വിവരങ്ങളും സമർപ്പിച്ചിട്ടുണ്ട്.
കരുവന്നൂർ സഹകരണ ബാങ്കിലെ 300 കോടിയുടെ തട്ടിപ്പ് അന്വേഷിക്കാൻ സിപിഎം നിയോഗിച്ച രണ്ടംഗ അന്വേഷണ കമ്മിഷനിൽ അംഗമായ ജില്ലാ സെക്രട്ടേറിയറ്റംഗത്തിന്റെ ഭാര്യ അയ്യന്തോൾ ബാങ്കിൽ ഉദ്യോഗസ്ഥയാണ്. സിപിഎം മുൻ ജില്ലാ സെക്രട്ടറിയുടെ മകളും ഇതേ ബാങ്കിൽ ജോലി ചെയ്യുന്നുണ്ട്.
അതേസമയം കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ തങ്ങളെ നേതാക്കള്‍ ആസൂത്രിതമായി കുടുക്കി എന്ന ആരോപണവുമായി കൂടുതല്‍ സിപിഎം പ്രവര്‍ത്തകര്‍ രംഗത്തുവരുന്നു. നേതാക്കളോടുള്ള വിശ്വാസത്തിന്റെ പുറത്ത് പറഞ്ഞിടത്തെല്ലാം ഒപ്പിട്ട് നല്‍കിയെന്നും അത് തങ്ങളെ ചതിക്കാനായിരുന്നു എന്ന് അറിഞ്ഞില്ല എന്നു പറഞ്ഞ് സ്ത്രീകള്‍ ഉള്‍പ്പെടെ ധാരാളം പ്രവര്‍ത്തകര്‍ രംഗത്തുവന്നു.
40 crore fraud in Trichur Ayyanthol Co operative bank by Satheesh Kumar, a CPM aid