ജോർജിയ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ വീണ്ടും ക്രിമിനൽ കേസ്. 2020-ലെ തിരഞ്ഞെടുപ്പിലെ തന്റെ തോൽവിയെ നിയമവിരുദ്ധമായി മറികടക്കാൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ച് ഡൊണാൾഡ് ട്രംപിനും 18 സഖ്യകക്ഷികൾക്കുമെതിരെ ജോർജിയയിൽ തിങ്കളാഴ്ച ക്രിമിനൽ കുറ്റം ചുമത്തി. ട്രംപിനെതിരെ ഈ വർഷം ചുമത്തുന്ന നാലാമത്തെ ക്രിമിനൽ കേസാണിത്. വോട്ടെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് ഈ മാസം രണ്ടാമത്തെ ക്രിമിനൽ കേസാണിത്.
ഫുൾട്ടൺ കൗണ്ടി ഗ്രാൻഡ് ജൂറിയാണ് റിപ്പബ്ലിക്കൻ പാർട്ടി നേതാവിനും മറ്റ് 18 പേർക്കുമെതിരെ ക്രിമിനൽ കേസെടുത്തത്. റാക്കറ്റിങ് ഉൾപ്പെടെ 41 വകുപ്പുകളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.
ഫുൾട്ടൺ കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോർണി ഫാനി വില്ലിസ് 2021 ഫെബ്രുവരിയിലാണ് ട്രംപിനും കൂട്ടാളികൾക്കുമെതിരെ തിരഞ്ഞെടുപ്പ് ഇടപെടൽ ആരോപിച്ച് അന്വേഷണം ആരംഭിച്ചത്. കുറ്റാരോപിതരായവരുടെ പട്ടികയിൽ ട്രംപിന്റെ മുൻ അഭിഭാഷകൻ റൂഡി ഗ്യുലിയാനി, വൈറ്റ് ഹൗസ് മുൻ ചീഫ് ഓഫ് സ്റ്റാഫ് മാർക്ക് മെഡോസ്, വൈറ്റ് ഹൗസ് മുൻ അഭിഭാഷകൻ ജോൺ ഈസ്റ്റ്മാൻ, മുൻ നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥൻ ജെഫ്രി ക്ലാർക്ക് എന്നിവരും ഉൾപ്പെടുന്നു.
ക്രമക്കേടിലൂടെ ട്രംപിന് അനുകൂലമായി തിരഞ്ഞെടുപ്പ് ഫലം മാറ്റാനുള്ള ഗൂഢാലോചനയിൽ ഇവർ പങ്കാളികളായതായി കുറ്റപത്രത്തിൽ ആരോപിക്കുന്നു. തിങ്കളാഴ്ച രാത്രി വൈകിയാണ് കുറ്റപത്രം സമർപ്പിച്ചത്.