
ബംഗളൂരൂ: കർണാടകയിൽ ദുരൂഹസാഹചര്യത്തിൽ 5 പേരുടെയും ഒരു വളര്‍ത്തുമൃഗത്തിന്റെയും ശരീരാവശിഷ്ടങ്ങൾ കണ്ടെത്തി. ചിത്രദുർഗ ജില്ലയിലെ ചല്ലകരെ ഗേറ്റിന് സമീപമുള്ള വീട്ടിലാണ് അസ്ഥികൂടങ്ങൾ കണ്ടെത്തിയത്. 2019 ജൂലൈയിലാണ് ഈ കുടുംബത്തിലെ അഞ്ച് പേരെയും അവസാനമായി പുറത്ത് കണ്ടതെന്ന് അയൽവാസികൾ പറയുന്നു.
സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് വിരമിച്ച എന്‍ജിനീയര്‍ ജഗന്നാഥ് റെഡ്ഢി (85) ഭാര്യ പ്രേമ (80) മക്കളായ ത്രിവേണി (62) കൃഷ്ണ റെഡ്ഢി (60) നരേന്ദ്ര റെഡ്ഢി (57) എന്നിവരുടേതാണ് മൃതദേഹ അവശിഷ്ടങ്ങളെന്നു പോലീസ് പ്രാഥമികമായി സ്ഥിരീകരിച്ചു. നാല് അസ്ഥികൂടങ്ങളില്‍ രണ്ടെണ്ണം കിടപ്പു മുറിയിലെ കട്ടിലിലും മറ്റു രണ്ടെണ്ണം അതേ മുറിയിലെ തറയിലും കമഴ്ന്നു കിടന്ന നിലയിലായിരുന്നു. ഒരു മൃതദേഹ അവശിഷ്ടം മറ്റൊരു മുറിയില്‍ കട്ടിലില്‍ കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. വീട്ടിലെ ചുവരില്‍ 2019 വര്‍ഷത്തെ കലണ്ടറാണുള്ളത്. വീട്ടിലെ സാധനങ്ങള്‍ വലിച്ചു വാരിയിട്ട നിലയിലായിരുന്നു. ജഗന്നാഥ് എഴുതിയതെന്നു കരുതുന്ന ആത്മഹത്യാ കുറിപ്പ് എന്ന് കരുതുന്ന ഒരു കടലാസ് വീട്ടില്‍നിന്ന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ ഇത് അക്ഷരങ്ങള്‍ മാഞ്ഞുപോയ നിലയിലാണെന്ന് പോലീസ് അറിയിച്ചു. ഫോറസ്‌റന്‍സിക് പരിശോധനയ്ക്കായി മൃതദേഹങ്ങള്‍ വീട്ടില്‍ നിന്നു മാറ്റി. ശനിയാഴ്ച പോസ്റ്റ്‌മോര്‍ട്ട നടപടികള്‍ ആരംഭിക്കും.
2019 മുതൽ വീട് പൂട്ടിക്കിടക്കുകയായിരുന്നെന്നും വീട്ടിലുള്ളവർ പുറത്തുള്ളവരുമായി അധികം സംസാരിക്കാറില്ലെന്നും അയൽവാസികൾ പറയുന്നു. മൂന്നരക്കൊല്ലമായിട്ടും ഇവർ മരിച്ചത് പുറത്തറിഞ്ഞില്ല എന്ന അയൽവാസികളുടെ വാദം പൊലീസ് മുഖവിലയ്ക്ക് എടുത്തിട്ടില്ല.
അടഞ്ഞു കിടന്ന വീടിന്റെ ഗേറ്റ് തുറന്ന് മദ്യ ലഹരിയില്‍ അകത്തു കയറിയ ആളാണ് അസ്ഥികൂടങ്ങള്‍ ആദ്യം കണ്ടത്. പേടിച്ചു നിലവിളിച്ചു പുറത്തേക്കോടിയ ഇദ്ദേഹം രണ്ടു ദിവസം കഴിഞ്ഞാണ് വിവരം പുറത്തു പറഞ്ഞത്. ഇതിനിടയില്‍ ഇതുവഴി പ്രഭാത സവാരിക്ക് പോകുന്നവര്‍ വ്യാഴാഴ്ച വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നതു കണ്ട് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസെത്തി നടത്തിയ പരിശോധനയിലാണ് വീടിനുള്ളില്‍ പലഭാഗത്തായി അഞ്ച് മനുഷ്യ അസ്ഥികൂടങ്ങളും വീടിന്റെ പുറകു വശത്തായി വളര്‍ത്തു നായയുടെ അസ്ഥികൂടവും കണ്ടെത്തിയത്.
മൃതദേഹങ്ങൾ അഴുകി ശരീരാവശിഷ്ടങ്ങൾ മാത്രമായ ശേഷം വീട്ടിൽ കൊണ്ടിട്ടതാണോ എന്നും അന്വേഷിക്കുന്നതായി പൊലീസ് പറഞ്ഞു.
5 skeletons found in Chithra Durga home










