
ന്യൂഡൽഹി: മഞ്ഞക്കടലില്‍ (Yellow Sea) ചൈനയുടെ ആണവ മുങ്ങിക്കപ്പല്‍ തകര്‍ന്ന് 55 നാവികര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. മുങ്ങിക്കപ്പലിലെ ഓക്‌സിജന്‍ സംവിധാനം താറുമാറായതാണ് ദുരന്തത്തിന് കാരണം. ഇതോടെ മുങ്ങികപ്പലില്‍ വിഷവാതകം നിറഞ്ഞു. സാങ്കേതിക തകരാറിനെ തുടര്‍ന്ന് കപ്പല്‍ മറ്റൊരു വസ്തുവുമായി കൂട്ടിയിടിക്കുകയും നങ്കൂരമിടുന്നതില്‍ തടസ്സം നേരിടുകയും ചെയ്തുവെന്ന് ഡെയ്‌ലി മെയിൽ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ഈ റിപ്പോര്‍ട്ട് ചൈന നിഷേധിച്ചിരിക്കുകയാണ്.
മരിച്ചവരില്‍ പിഎല്‍എ നേവി സബ്മറൈന്‍ 093-417ന്റെ ക്യാപ്റ്റന്‍ കേണല്‍ ക്‌സൂ യോങ്-പെങ്, 21 ഓഫീസര്‍മാര്‍ എന്നിവര്‍ ഉള്‍പ്പെടുന്നതായി യു.കെ രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വടക്കുകിഴക്കന്‍ ചൈനക്കും കൊറിയ മുനമ്പിനും ഇടയ്ക്കുള്ള പശ്ചിമ പസഫിക്ക് സമുദ്രത്തിലെ ഉള്‍ക്കടലാണ് മഞ്ഞക്കടല്‍. ഇവിടെ ഒരു ദൗത്യത്തിലായിരുന്ന ചൈനീസ് മുങ്ങിക്കപ്പല്‍ ഓഗസ്റ്റ് 21ന് പ്രദേശിക സമയം 8.12നാണ് അപകടത്തില്‍പെട്ടത്. 22 ഓഫീസര്‍മാര്‍ ഏഴ് ഓഫീസര്‍ കേഡറ്റുകള്‍, ഒമ്പത് പെറ്റി ഓഫീസര്‍മാര്‍, 17 നാവികര്‍ എന്നിവര്‍ ഉള്‍പ്പെടുന്നു.
അമേരിക്കയുടെയും മറ്റ് സഖ്യരാജ്യങ്ങളുടെയും അന്തര്‍വാഹിനികള്‍ തകര്‍ക്കാൻ സ്ഥാപിച്ചിരുന്ന തടസ്സങ്ങളിലാണ് ചൈനീസ് അന്തര്‍വാഹിനി ഇടിച്ചത്. തകരാര്‍ പരിഹരിക്കാന്‍ ആറ് മണിക്കൂര്‍ വേണ്ടിവന്നിരുന്നു. ഇതിനിടെ, ഓക്‌സിജന്‍ ലഭ്യത കുറയുകയും ചെയ്തതോടെ നാവികര്‍ ദാരുണമായി കൊല്ലപ്പെടുകയായിരുന്നു.












