അസഫാക് ആലം ഈ വര്‍ഷം വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന രണ്ടാമത്തെയാള്‍; ഇതുവരെ തൂക്കിലേറ്റിയത് 26 പേരെ

കൊച്ചി: ആലുവയില്‍ അഞ്ചുവയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ അസ്ഫാക് ആലത്തിന് കോടതി വധശിക്ഷ വിധിച്ചത് നവംബര്‍ 14 ശിശുദിനത്തിലാണ്. എറണാകുളം പോക്‌സോ കോടതി ജഡ്ജി കെ സോമനാണ് വിധി പറഞ്ഞത്. പോക്സോ കോടതി കേരളത്തില്‍ ആദ്യമായാണ് വധശിക്ഷ വിധിക്കുന്നത്. വിവിധ കേസുകളിലായി സംസ്ഥാനത്ത് ഇതുവരെ തൂക്കിലേറ്റിയത് 26 പേരെയാണ്.

നിലവില്‍ കേരളത്തില്‍ വധ ശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത് 16 പേര്‍ ആണ്. 9 പേര്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലും മറ്റ് ഏഴു പേര്‍ വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളിലുമാണുള്ളത്. ഇന്നലെ അസ്ഫാക് ആലത്തിനു കൂടി വധശിക്ഷ വിധിച്ചതോടെയാണ് ഈ സംഖ്യ 16 ആയത്. എറണാകുളത്തു നിയമ വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയ അസം സ്വദേശി അമീറുല്‍ ഇസ്ലാമും ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസിലെ നിനോ മാത്യുവും ഇക്കൂട്ടത്തിലുണ്ട്. ഈ വര്‍ഷം വധശിക്ഷയ്ക്കു വിധിക്കപ്പെടുന്ന രണ്ടാമത്തെയാളാണ് അസഫാക് ആലം. ആദ്യത്തേത് പഴയിടം കൊലക്കേസിലെ പ്രതി അരുണ്‍ ശശിയുടെ വധശിക്ഷയാണ്. അരുണ്‍ ശശിയെ വിചാരണക്കോടതി തൂക്കിലിടാന്‍ വിധിച്ചിരുന്നു.

സീരിയല്‍ കൊലയാളി റിപ്പര്‍ ചന്ദ്രനെയാണ് കേരളത്തില്‍ അവസാനം വധശിക്ഷയ്ക്കു വിധേയമാക്കിയത്. 1991ല്‍ കണ്ണൂര്‍ ജയിലിലാണ് ചന്ദ്രന്റെ വധശിക്ഷ നടപ്പാക്കിയത്. നിലവില്‍ കേരളത്തില്‍ ഒരു കുറ്റവാളിയെ തൂക്കിലേറ്റിയിട്ട് 32 വര്‍ഷം കഴിഞ്ഞു. സംസ്ഥാനത്ത് കണ്ണൂര്‍, പൂജപ്പുര സെന്‍ട്രല്‍ ജയിലുകളിലാണ് വധശിക്ഷ നടപ്പാക്കാനുള്ള സംവിധാനങ്ങളുള്ളത്. പൂജപ്പുരയില്‍ അവസാനത്തെ വധശിക്ഷ നടപ്പാക്കിയത് 1978ലാണ്. പിഞ്ചുകുഞ്ഞിനെ മന്ത്രവാദത്തിനായി കൊലപ്പെടുത്തിയ ബാലരാമപുരം സ്വദേശി അഴകേശനെയാണ് പൂജപ്പുരയില്‍ തൂക്കിലേറ്റിയത്.

കോടതി വധശിക്ഷ വിധിച്ചാലും അപ്പീലും ദയാഹര്‍ജിയും നല്‍കാന്‍ പ്രതിക്ക് അവസരം ഉണ്ട്. വിചാരണക്കോടതി വിധിക്കുന്ന വധശിക്ഷ ഹൈക്കോടതി ശരിവയ്ക്കേണ്ടതുണ്ട്. ഹൈക്കോടതി ശരിവച്ചാല്‍ തന്നെ പ്രതിക്കു സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാം. അതിനു ശേഷം രാഷ്ട്രപതിക്കു ദയാഹര്‍ജി നല്‍കുന്നതിനും അവസരമുണ്ട്. രാഷ്ട്രപതിക്കുള്ള ദയാഹര്‍ജിയും നിരസിക്കപെട്ടാല്‍ മാത്രമാണ് കൊലയാളിക്ക് തൂക്കുമരത്തിലേക്ക് നടക്കേണ്ടി വരിക. ഈ രീതിയില്‍ വധശിക്ഷ വിധിക്കപ്പെട്ട ഒട്ടേറെ പ്രതികളുടെ ശിക്ഷ അപ്പീല്‍ കോടതികള്‍ ജീവപര്യന്തമാക്കി ഇളവ് ചെയ്തിട്ടുണ്ട്.