
മെക്സിക്കോ സിറ്റി: വടക്കൻ മെക്സിക്കോയിലുണ്ടായ വെടിവയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. 26 പേർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകൾ പുറത്തുവന്നു. വെള്ളിയാഴ്ച പുലർച്ചെയാണ് സംഭവം.
അതിർത്തി സംസ്ഥാനമായ സോനോറയിലെ സിയുഡാഡ് ഒബ്രെഗോൺ നഗരത്തിലാണ് വെടിവയ്പ്പ് നടന്നത്. മൂന്ന് തോക്കുധാരികൾ പാർട്ടിയിലേക്ക് ഇരച്ചു കയറി പരിപാടിയിൽ പങ്കെടുത്തവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു.
കൊല്ലപ്പെട്ടവരിൽ രണ്ട് പേർ 18 വയസ്സിന് താഴെയുള്ളവരും പരിക്കേറ്റവരിൽ അഞ്ച് പേർ കുട്ടികളുമാണ്. അതേസമയം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നാല് പേർ ഗുരുതരാവസ്ഥയിലാണെന്നും 13 പേർക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം വിട്ടയച്ചതായും വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.
പാർട്ടിയിൽ പങ്കെടുത്ത ഒരു കാർട്ടൽ അംഗത്തിന് നേരെയുള്ള ആക്രമണമായിരുന്നു ഇതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കൊലപാതകം ഉൾപ്പെടെയുള്ള കേസുകളിൽ പോലീസ് തിരയുന്ന വ്യക്തിയാണ് ഇയാൾ. ആക്രമണം ഉണ്ടായതിന് പിന്നാലെ ഇയാൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും വെടിവയ്പ്പിൽ കൊല്ലപ്പെടുകയായിരുന്നു. സംഭവത്തിന് പിന്നാലെ പ്രതികൾ രക്ഷപ്പെട്ടതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.
“സ്ത്രീഹത്യ ശ്രമം, നരഹത്യ, നിയമവിരുദ്ധമായ സ്വാതന്ത്ര്യം ഹനിക്കൽ, ക്രിമിനൽ കൂട്ടുകെട്ട് എന്നിവയ്ക്ക് അറസ്റ്റ് വാറന്റുകളുള്ള ഒരു ക്രിമിനൽ ഗ്രൂപ്പിന്റെ നേതാവിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണിതെന്ന് പ്രാഥമിക അന്വേഷണങ്ങൾ സൂചിപ്പിക്കുന്നു,” സോനോറ സ്റ്റേറ്റ് പ്രോസിക്യൂട്ടർ ഓഫീസ് പറഞ്ഞു.
2006 മുതൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട അക്രമങ്ങളിൽ 420,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ട മെക്‌സിക്കോയിലെ സാമൂഹിക കൂട്ടുകെട്ടുകളെ ലക്ഷ്യമിട്ട് കാർട്ടൽ തോക്കുധാരികൾക്ക് അക്രമങ്ങൾ നടത്തിയിട്ടുള്ള ചരിത്രമുണ്ട്.