പൊതുഗതാഗത മേഖലയില്‍ 70%ഇലക്ട്രിക് ബസ്സുകള്‍;പരിസ്ഥിതി സംരക്ഷണത്തിന് ഒരു ഖത്തര്‍ മാതൃക

ദോഹ(ഖത്തര്‍) : ലോകത്തിനു മുഴുവന്‍ പിന്‍തുടരാന്‍ ഒരു ഖത്തര്‍ മാതൃക. രാജ്യത്തെ പൊതു ഗതാഗതമേഖലയിൽ 70 ശതമാനവും ഇലക്ട്രിക് ബസുകളായി. 2030ന് അകം പൊതുഗതാഗത ബസുകൾ 100 ശതമാനവും പരിസ്ഥിതി സൗഹൃദമാക്കുകയാണ് ലക്ഷ്യം.

ദോഹ എക്സിബിഷൻ ആൻഡ് കൺവൻഷൻ സെന്ററിൽ ‘തലമുറകൾക്കായി സുസ്ഥിര ഗതാഗതവും പൈതൃകവും’ എന്ന വിഷയത്തില്‍ ദ്വിദിന സമ്മേളനവും പ്രദർശനവും നടത്തി.

പൊതുഗതാഗത മേഖലയ്ക്ക് സ്മാർട്, പരിസ്ഥിതി സൗഹൃദ ട്രാൻസിറ്റ് സംവിധാനങ്ങൾ പ്രദാനം ചെയ്യുന്നതിന്റെ ഭാഗമായി ഡ്രൈവറില്ലാതെ സ്വയം പ്രവർത്തിക്കുന്ന വാഹനങ്ങൾ ഉപയോഗിക്കുന്നതിനുള്ള ചട്ടങ്ങളും നിബന്ധനകളും സംബന്ധിച്ച നയപ്രഖ്യാപനം ഗതാഗത മന്ത്രി ജാസിം ബിൻ സെയ്ഫ് അൽ സുലൈത്തി നടത്തി. അടുത്ത 5 വർഷത്തേക്കുള്ള ചട്ടങ്ങളാണ് തയാറാക്കിയിരിക്കുന്നത്.

ഇ-വാഹനങ്ങളുടെ സാങ്കേതിക മാനദണ്ഡങ്ങൾ പരിശോധിക്കുന്നതിനും സ്ഥിരീകരിക്കുന്നതിനും അനുമതി സർട്ടിഫിക്കറ്റ് നൽകുന്നതിനുമായി പുതിയ കേന്ദ്രം രൂപീകരിക്കുന്നതും പുരോഗതിയിലാണെന്ന് മന്ത്രി വിശദീകരിച്ചു.

സ്കൂളുകളിലും മറ്റു ഗതാഗത മേഖലകളിലും ഇ-ബസുകൾ ഉപയോഗിക്കുന്നുണ്ട്. ഇന്ധന കാര്യത്തിൽ വരെ കൃത്യമായ നിയമങ്ങളും ചട്ടങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ദോഹ മെട്രോ റെയിൽ സേവനങ്ങൾ വിപുലീകരിക്കാനും പദ്ധതിയുണ്ടെന്നും മന്ത്രി വ്യക്തമാക്കി. രാജ്യത്തെ തുറമുഖ വികസന പദ്ധതിയുടെ മൂന്നാം ഘട്ടം സംബന്ധിച്ച അന്തിമ നടപടികൾ പുരോഗതിയിലാണ്. നാവിഗേഷൻ ചാനലും ബേസിന്റെ ആഴം കൂട്ടുന്നതും ശേഷി വർധിപ്പിക്കുന്നതും ഉൾപ്പെടെയുള്ള വികസനമാണ് പുരോഗമിക്കുന്നത‌്. ദോഹ തുറമുഖത്തിന്റെ വികസനം രാജ്യത്തിന്റെ ടൂറിസം മേഖലയുടെ പ്രവർത്തനങ്ങൾക്ക് കരുത്തേകാൻ സഹായകമായെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

More Stories from this section

family-dental
witywide