
ന്യൂഡൽഹി: രാജ്യത്തെ മുഴുവൻ ജനങ്ങളേയും അമ്പരിപ്പിച്ചു കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നോട്ടുനിരോധനം കൊണ്ടുവന്നിട്ട് 7 വർഷം. ഏഴാംവാർഷികത്തിലും ജനം കറൻസി മാറാൻ വരിനിൽക്കേണ്ട ഗതികേടിലാണ്. 2,000 രൂപയുടെ നോട്ട് മാറ്റിയെടുക്കാൻ ദിവസവും നൂറുകണക്കിനുപേർ ഡൽഹി റിസർവ് ബാങ്ക് ഓഫിസിലെ കൗണ്ടറിൽ എത്തുന്നു. കള്ളപ്പണവും കള്ളനോട്ടും തടയാനും അഴിമതിയും തീവ്രവാദപ്രവർത്തനവും നിയന്ത്രിക്കാനുമാണ് 500, 1000 രൂപ നോട്ടുകൾ പിൻവലിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടിരുന്നു. രാജ്യം ഡിജിറ്റൽ സമ്പദ്‌ഘടനയിലേക്ക് നീങ്ങുമെന്നും അവകാശപ്പെട്ടു.
എന്നാൽ നോട്ടുനിരോധനത്തിന് ശേഷം നിരോധിച്ച നോട്ടുകളിൽ 99.30 ശതമാനമായ 15.31 ലക്ഷം കോടിയുടെ കറൻസിയും ബാങ്കുകളിൽ തിരിച്ചെത്തി. കള്ളപ്പണത്തിന്റെ നിയന്ത്രണം സംബന്ധിച്ച സർക്കാർ അവകാശവാദവും തകർന്നു.
തീവ്രവാദത്തിനുള്ള ഫണ്ടിന്റെ ലഭ്യത ഇല്ലാതാവുമെന്ന് പറഞ്ഞു. ഒന്നും സംഭവിച്ചില്ലെന്നു മാത്രമല്ല രാജ്യത്തെ സാമ്പത്തികരംഗത്തെ ഏറ്റവും വലിയ പങ്കുവഹിക്കുന്ന അസംഘടിത മേഖല മൊത്തമായും തകർന്നു.ഇന്ത്യയിലെ റൂറൽ സമ്പദ് വ്യവസ്ഥയും അസംഘടിതമേഖലയിലെയും സംഘടിത മേഖലയിലെയും സമ്പദ് വ്യവസ്ഥയുമെല്ലാം തകർന്നു. കോവിഡ് കൂടി വന്നതോടെ ഈ തകർച്ചയിൽ നിന്ന് തിരികെ വരാൻ ഇവയ്‌ക്കൊന്നും കഴിഞ്ഞിട്ടില്ല. അത്രയും ഗുരുതരമായി നോട്ടുനിരോധനം ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിച്ചിച്ചു.
അതിനിടെ, മെയ് 29ന് 2,000 രൂപ നോട്ട് പിൻവലിക്കുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. നോട്ടുകൾ മാറ്റിയെടുക്കാൻ ഒക്ടോബർ ഏഴുവരെയാണ് സമയം നൽകിയത്. അതിനുശേഷം റിസർവ് ബാങ്കിന്റെ 19 നിശ്‌ചിത ഓഫിസുകളിൽ ദിവസം പരമാവധി 20,000 രൂപ വരെ മാറ്റിയെടുക്കാം.
7th anniversary of note ban in India