
ഊട്ടി: തമിഴ്നാട്ടിലെ മരപാലത്ത് ടൂറിസ്റ്റ് ബസ് 100 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞ് സ്ത്രീകളുൾപ്പെടെ എട്ടു പേർ മരിച്ചു. 35ലധികം പേർക്ക് പരിക്ക്. ഊട്ടിയിൽ നിന്ന് മേട്ടുപാളയത്തേക്ക് പോവുകയായിരുന്ന വിനോദസഞ്ചാരികൾ സഞ്ചരിച്ചിരുന്ന ബസാണ് മറിഞ്ഞത്. ഇന്നലെ വൈകിട്ടാണ് അപകടം. തെങ്കാശി സ്വദേശികളാണ് ബസിലുണ്ടായിരുന്നതെന്നാണ് വിവരം.
പരിക്കേറ്റവരെ കൂനൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 55 പേർ ബസിലുണ്ടായിരുന്നതായി കോയമ്പത്തൂർ സോൺ ഡി.ഐ.ജി ശരവണ സുന്ദർ അറിയിച്ചു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമെന്ന് കൂനൂർ ആശുപത്രി മെഡിക്കൽ ഓഫീസർ പളനി സാമി അറിയിച്ചു. അപകടത്തിൽ ഗവർണർ ആർ.എൻ. രവിയും മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും ദു:ഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് 50,000 രൂപയും സംസ്ഥാന സർക്കാർ ധനസഹായം പ്രഖ്യാപിച്ചു.