
ഹൈദരാബാദ് : തെലങ്കാനയിലെ മക്ലൂരില്‍ യുവാവ് സ്വത്ത് തട്ടിയെടുക്കാന്‍ കൊന്നുതള്ളിയത് ഒരു കുടുംബത്തിലെ ആറുപേരെ. ഇതില്‍ രണ്ട് കുട്ടികളും ഉള്‍പ്പെടുന്നു. 20 വയസുകാരനായ പ്രശാന്ത് എന്ന യുവാവാണ് അരുംകൊല ചെയ്തത്.
മക്ലൂര്‍ ഗ്രാമവാസിയായ മംഗളി പ്രസാദും ഭാര്യയും രണ്ട് കുട്ടികളും രണ്ട് സഹോദരിമാരും അടങ്ങുന്ന കുടുംബമാണ് നാമാവശേഷമായത്. കുടുംബം മക്ലൂര്‍ വിട്ട് കാമറെഡ്ഡി ജില്ലയിലെ മച്ചാറെഡ്ഡി ഗ്രാമത്തില്‍ താമസമാക്കിയിരുന്നു.
വീട് കൈക്കലാക്കാനായി പ്രസാദിനെയാണ് പ്രശാന്ത് ആദ്യം കൊന്നത്. തുടര്‍ന്ന് അരങ്ങേറിയത് നാടകീയ രംഗങ്ങളായിരുന്നു. പ്രസാദിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഡിച്ച്പള്ളിയില്‍ ഹൈവേയ്ക്ക് സമീപം കുഴിച്ചിടുകയായിരുന്നു.
പിന്നീട് പ്രതി പ്രസാദിന്റെ വീട്ടിലെത്തി ഭര്‍ത്താവ് പൊലീസ് കസ്റ്റഡിയിലാണെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് ഭാര്യയെയും കൊലപ്പെടുത്തുകയായിരുന്നു. പ്രസാദിന്റെ ഭാര്യയുടെ മൃതദേഹം ബസറയിലെ ഗോദാവരി നദിയിലേയ്ക്ക് എറിഞ്ഞതായാണ് പൊലീസ് പറയുന്നത്.
തുടര്‍ന്ന് പ്രസാദിനെയും ഭാര്യയെയും പോലീസ് കസ്റ്റഡിയിലെടുത്തെന്ന് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ച് പ്രസാദിന്റെ സഹോദരിയെ കൊലപ്പെടുത്തിയത്. ശേഷം പ്രസാദിന്റെ രണ്ട് മക്കളെയും കൊലപ്പെടുത്തി പോച്ചമ്പാട് സോന്‍ പാലത്തിലെ കനാലില്‍ തള്ളുകയായിരുന്നു.
ഒടുവില്‍ പ്രസാദിന്റെ മറ്റൊരു സഹോദരിയെ കൂടി കൊലപ്പെടുത്തി സദാശിവനഗറില്‍ വെച്ച് കത്തിക്കുകയായിരുന്നു. സദാശിവനഗറില്‍ കത്തിക്കരിഞ്ഞ നിലയില്‍ മൃതദേഹം കണ്ട നാട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രതിയായ പ്രശാന്തിലേക്ക് എത്തുന്നത്.
പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ആറ് പേരുടെ കൊലപാതക വിവരം പുറത്തറിയുന്നത്. പ്രസാദ്, ഭാര്യ, സഹോദരി എന്നിവരെ കൊന്നത് പ്രശാന്ത് ഒറ്റയ്ക്കാണെന്നും തുടര്‍ന്നുള്ള മൂന്ന് കൊലപാതകങ്ങള്‍ സുഹൃത്തുക്കളുമൊത്താണ് പ്രശാന്ത് നടത്തിയതെന്നും പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.











