തൃത്താലയില്‍ നടന്നത് ഇരട്ടക്കൊല; പ്രതി കൊലപ്പെടുത്തിയത് ഉറ്റ സുഹൃത്തുക്കളെ, മൊഴിയില്‍ ദുരൂഹത

പാലക്കാട്: തൃത്താല കണ്ണനൂരില്‍ വ്യാഴാഴ്ച രാത്രി നടന്നത് ഇരട്ട കൊലപാതകം. ആദ്യം കൊല്ലപ്പെട്ട അന്‍സാറിന്റെ സുഹൃത്ത് അഹമ്മദ് കബീറിനേയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഭരതപ്പുഴയുടെ കരിമ്പനക്കടവിലാണ് കഴുത്തു മുറിച്ച നിലയില്‍ അഹമ്മദ് കബീറിനെ കണ്ടെത്തിയത്. കൊല്ലപ്പെട്ട ഇരുവരുടേയും സുഹൃത്തായ മുസ്തഫയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂവരും ഉറ്റ സുഹൃത്തുക്കളാണ്. എന്നാല്‍ രണ്ടു പേരെ കൊലപ്പെടുത്താന്‍ പ്രകോപനമായതിനു പിന്നിലെ കാരണമെന്തെന്ന് വ്യക്തമല്ല.

പ്രതിയുടെ മൊഴിയില്‍ ദുരൂഹതയുണ്ടെന്ന് പോലീസ് പറയുന്നു. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്. മൂന്ന് പേരും കൂടി വ്യാഴാഴ്ച കാറില്‍ മീന്‍ പിടിക്കാന്‍ കരിമ്പനക്കടവില്‍ എത്തിയിരുന്നു. പിന്നാലെയാണ് കൊലപാതകം നടന്നത്. പട്ടാമ്പി- തൃത്താല റോഡില്‍ കരിമ്പനക്കടവിന് സമീപം രക്തക്കറ കണ്ടെത്തിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന അന്വേഷണത്തില്‍ കരിമ്പനക്കടവില്‍ ഭാരതപ്പുഴയിലേക്ക് ഇറങ്ങുന്ന ഭാഗത്തും പുഴയ്ക്കരികിലെ പൊന്തക്കാടുകള്‍ക്കിടയിലും ചോരപ്പാട് കണ്ടെത്തി.

വൈകീട്ട് ഏഴ് മണിയോടെ കഴുത്തില്‍ വെട്ടേറ്റ നിലയില്‍ അന്‍സാര്‍ വാഹനങ്ങള്‍ക്ക് കൈ കാണിക്കുകയായിരുന്നു. നാട്ടുകാര്‍ ചേര്‍ന്നു പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. വിദഗ്ധ ചികിത്സയ്ക്ക് മുമ്പ് അന്‍സാര്‍ മരിച്ചു. സുഹൃത്താണ് തന്നെ വെട്ടിയതെന്ന് അന്‍സാര്‍ ആശുപത്രി അധികൃതര്‍ക്ക് മൊഴി നല്‍കിയിരുന്നു. പിന്നാലെയാണ് കൊലപാതക വിവരം പുറത്തായത്. അന്‍സാറിന്റെ മരണത്തിനു പിന്നാലെ കബീറിനായി അന്വേഷണം നടക്കുന്നുണ്ടായിരുന്നു. പരിശോധനക്കിടെയാണ് കണ്ണനൂര്‍ കയത്തിനു സമീപം വെള്ളത്തില്‍ കാലുകള്‍ പൊങ്ങിയ നിലയില്‍ കബീറിന്റെ മൃതദേഹവും കണ്ടെത്തിയത്.

More Stories from this section

family-dental
witywide