
അഹമ്മദാബാദ്: ഒരു കുടുംബത്തിലെ ഏഴു പേരെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഗുജറാത്തിലെ സൂറത്തിലാണ് മൂന്ന് കുട്ടികളടക്കം ഒരു വീട്ടിലെ ഏഴംഗങ്ങളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സൂറത്തില്‍ പാലാന്‍പുരിലെ ജഗത്നാഗ് റോഡില്‍ താമസിച്ചിരുന്ന ഫര്‍ണിച്ചര്‍ വ്യാപാരി മനീഷ് സോളംഗി, ഭാര്യ റീത, പിതാവ് കാനു, മാതാവ് ശോഭ, മക്കളായ ദിശ, കാവ്യ, കുശാല്‍ എന്നിവരാണ് മരിച്ചത്.
കുടുംബനാഥനായ മനീഷിനെ തൂങ്ങിമരിച്ച നിലയിലും ബാക്കിയുള്ളവരെ വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. സാമ്പത്തിക പ്രതിസന്ധിയാണ് കൂട്ടമരണത്തിലേക്ക് നയിച്ചതെന്ന് സൂചിപ്പിക്കുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. സൂറത്തില്‍ ഫര്‍ണീച്ചര്‍ ബിസിനസ് നടത്തുന്നയാളാണ് മനീഷ് സോളംഗി.
ശനിയാഴ്ച രാവിലെ മനീഷിനെ ഫോണില്‍ വിളിച്ചിട്ട് കിട്ടാതായപ്പോള്‍ ജീവനക്കാരില്‍ ചിലര്‍ വീട്ടിലെത്തുകയായിരുന്നു. വാതില്‍ അടച്ചിട്ടനിലയിലായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും വാതില്‍ തുറക്കാത്തതിനാല്‍ ജീവനക്കാരും നാട്ടുകാരും ജനല്‍ച്ചില്ല് തകര്‍ത്ത് വീടിനകത്ത് കടന്നതോടെയാണ് ഏഴുപേരെയും മരിച്ച നിലയില്‍ കണ്ടത്.