ആലുവയില്‍ അഞ്ചുവയസ്സുകാരിയെ പീഡിപ്പിച്ച് കൊന്നത് മദ്യം കുടിപ്പിച്ച ശേഷം; കേസില്‍ കുറ്റപത്രം നല്‍കി

കൊച്ചി: മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവമായിരുന്നു ആഴ്ചകള്‍ക്ക് മുമ്പ് ആലുവയില്‍ നടന്നത്. അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. പഴച്ചാറില്‍ കൂടിയ അളവില്‍ മദ്യം കലര്‍ത്തി നല്‍കിയ ശേഷമായിരുന്നു കുട്ടിയെ പീഡിപ്പിച്ചതെന്നാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. ബീഹാര്‍ സ്വദേശി അസഫാക് ആലം കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുമ്പോള്‍ കുട്ടി ഉണര്‍ന്നു. സംഭവം പുറത്തുപറയാതിരിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.

അതിവേഗമാണ് കേരള പൊലീസ് കേസി‍ന്റെ അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. കേസിന്റെ വിചാരണ വേഗത്തിലാക്കാനുള്ള അപേക്ഷ നല്‍കുമെന്നും പൊലീസ് അറിയിച്ചു.

തട്ടിക്കൊണ്ടുപോകല്‍, പ്രകൃതി വിരുദ്ധ പീഡനം, കൊലപാതകം തുടങ്ങിയ കുറ്റങ്ങള്‍ക്കുള്ള വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. ഒപ്പം പോക്സോ നിയമപ്രകാരമുള്ള വകുപ്പുകളും ഉണ്ട്. പ്രതിയെ കുറിച്ച് ദില്ലിയിലും ബിഹാറിലും നടത്തിയ അന്വേഷണത്തില്‍ അസഫാക് ആലം ദില്ലിയിലെ മറ്റൊരു പോക്സോ കേസില്‍ കൂടി പ്രതിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ആ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയാണ് കേരളത്തിലേക്ക് വന്നത്.

സമാനമായ കുറ്റകൃത്യങ്ങള്‍ പ്രതി ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സാമൂഹ്യ സുരക്ഷിക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയാകും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദങ്ങള്‍ നിരത്തുക. പരമാവധി ശിക്ഷയായ വധശിക്ഷ തന്നെ നല്‍കണമെന്നും ആവശ്യപ്പെടും. എറണാകുളം പ്രത്യേക പോക്സോ കോടതിയില്‍ എസ്.പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചു.

ജൂലായ് 28നാണ് അഞ്ചുവയസ്സുകാരിയെ അഫ്സാഫ് ആലം തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയെ കാണാതായ അന്ന് രാത്രി തന്നെ അഫ്സാക് ആലത്തെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ ഇയാള്‍ കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങളാണ് അതിന് സഹായിച്ചത്. ആദ്യമൊക്കെ പരസ്പരവിരുദ്ധമായ വിവരങ്ങള്‍ നല്‍കിയ പ്രതി പിന്നീട് കുറ്റം സമ്മതിക്കുകയായിരുന്നു. തൊട്ടടുത്ത ദിവസം ആലുവ മാര്‍ക്കറ്റിന് പിന്നിലെ മാലിന്യങ്ങള്‍ക്കടിയില്‍ നിന്ന് ചാക്കില്‍കെട്ടിയ നിലയില്‍ പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെടുത്തു.

കേസില്‍ 646 പേജുള്ള കുറ്റപത്രമാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ചെരിപ്പ്, വസ്ത്രങ്ങള്‍ ഉള്‍പ്പടെയുള്ള തൊണ്ടി സാധാനങ്ങളും പൊലീസ് കോടതിക്ക് കൈമാറിയിട്ടുണ്ട്. മൂന്ന് മാസത്തിനകം കേസിലെ വിചാരണ പൂര്‍ത്തിയാക്കാനാകുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഡിവൈഎസ്പി പി.പ്രസാദ്, ഇന്‍സ്പെക്ടര്‍ എംഎം മഞ്ജുദാസ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേഷിച്ചത്. ജി മോഹന്‍ രാജാണ് കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍.

A five-year-old girl was raped and killed after being given alcohol

More Stories from this section

dental-431-x-127
witywide