
ചണ്ഡിഗഡ്: പഞ്ചാബിലെ കപൂർത്തല ജില്ലയിൽ ദില്‍വാനില്‍ കബഡി താരത്തെ വെടിവച്ചുകൊന്ന ശേഷം ശരീരഭാഗങ്ങൾ വെട്ടിനുറുക്കി വീടിനുമുന്നിൽ ഉപേക്ഷിച്ചു. ഹർദീപ് സിങ് എന്ന യുവാവിനെയാണ് ക്രൂരമായി കൊലപ്പെടുത്തിയത്. അക്രമി സംഘം കൊല്ലപ്പെട്ടയാളുടെ വീടിന്റെ വാതില്‍ മുട്ടി തുറന്ന് മാതാപിതാക്കളോട് “ഇതാ കിടക്കുന്നു നിങ്ങളുടെ സിംഹക്കുട്ടി” എന്ന് ആക്രോശിച്ചുകൊണ്ട് മൃതദേഹം വീടിനു മുന്നില്‍ ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം, കബഡി താരത്തിന്റെ കൊലപാതകം പഞ്ചാബ് രാഷ്ട്രീയത്തില്‍ കൊടുങ്കാറ്റായി മാറി. സംസ്ഥാനത്തെ ക്രമസമാധാന നില തകര്‍ന്നതിന്റെ ഉദാഹരണമാണ് ഇത്തരം സംഭവങ്ങളെന്നാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.
വിഷയം ആം ആദ്മി സർക്കാരിനെതിരായ ആയുധമാക്കിയിരിക്കുകയാണ് ശിരോമണി അകാലി ദൾ. മുഖ്യമന്ത്രി ഭഗവന്ത് മന്നിനെതിരെ ശിരോമണി അകാലി ദൾ നേതാവ് സുഖ്‌ബീർ സിങ് ബാദൽ രംഗത്തുവന്നു. പഞ്ചാബിൽ നടക്കുന്നത് ജംഗിള്‍ രാജ് ആണെന്നും മുഖ്യമന്ത്രി രാജി വയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
“കപൂർത്തല ദിൽവാനിലുണ്ടായ കബഡി താരത്തിന്റെ നിഷ്ടൂര കൊല ഞെട്ടിച്ചിരിക്കുകയാണ്. കൊലയാളികൾ എത്രമാത്രം നിർഭയരാണ്, ഇതൊരു ഒറ്റപ്പെട്ട സംഭവമല്ല. പഞ്ചാബിലുടനീളം കാട്ടു ഭരണമാണ് നിലനിൽക്കുന്നത്. കൊലകൾ. കവർച്ച, തട്ടിപ്പറി, മോഷണം എന്നിവയെല്ലാം സ്ഥിരം സംഭവമായിരിക്കുകയാണ്” ശിരോമണി അകാലി ദൾ നേതാവ് എക്‌സിൽ കുറിച്ചു.
അതേസമയം, കൊലപാതകവുമായി ബന്ധപ്പെട്ട കേസിൽ ഇതുവരെ അറസ്റ്റുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല. വ്യക്തി വിരോധമാണ് കൊലപാതകത്തിന് പിന്നിലെ കാരണമെന്നാണ് റിപ്പോർട്ടുകൾ. ഹർപ്രീത് സിങ്ങെന്ന വ്യക്തിക്ക് ഹർദീപ് സിങ്ങിനോടുണ്ടായിരുന്ന വിരോധമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. ഇരുവരുംതമ്മിൽ നിലനിന്നിരുന്ന വിരോധത്തിന്റെ ഭാഗമായി നേരത്തെ തർക്കങ്ങൾ ഉണ്ടാകുകയും രണ്ടുപേർക്കെതിരെ ദിൽവൻ പോലീസ് സ്റ്റേഷനിൽ കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തിരുന്നു.












