
അനിൽ സാജു വർഗീസ്
മലയാളികൾക്ക് ഏറെ അഭിമാനിക്കാവുന്ന നിമിഷം. ലണ്ടൻ വീഥികളിൽ ചീറിപായുന്ന ബസുകളിലേക്ക് സൂക്ഷിച്ചു നോക്കിയാൽ ഡ്രൈവർ സീറ്റിൽ ഈ മലയാളിയെയും കാണാം. പ്രതിസന്ധികളോട് പോരാടിയ നിഷ ജോണിന്റെ കൈകളിൽ ഈ വളയം ഭദ്രമാണ്. ട്രാൻസ്പോർട് ഫോർ ലണ്ടന്റെ ഭാഗമായി ബസ് ഡ്രൈവർ ആയി നിഷ കഴിഞ്ഞ ദിവസം ജോലിയിൽ പ്രവേശിച്ചു.

നേട്ടത്തിലേക്ക് എത്തിപ്പെടാൻ നിഷ നേരിട്ടത് നിരവധി കടമ്പകൾ. ലണ്ടനിൽ ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി വനിത എന്ന പേര് കൂടി ഇനി നിഷക്ക് സ്വന്തം. 2012 ൽ ആണ് നിഷ സ്റ്റുഡന്റ് വിസയിൽ യുകെയിൽ എത്തുന്നത്. നേഴ്സ് ആയിരുന്ന നിഷക്ക് ഹെൽത്ത് കെയർ മേഖലയിൽ ആയിരുന്നു പിന്നീട് ജോലി. കുടുംബവുമായി യുകെ യിൽ ജീവിതം കെട്ടിപ്പടുക്കുന്നതിനിടയിൽ 2018 ൽ അപ്രതീക്ഷിതമായി ജീവിതപങ്കാളിയുടെ ദേഹവിയോഗം.
ഇവിടെയും നിഷ തളർന്നില്ല. രണ്ട് പെണ്മക്കളെയും ചേർത്ത് പിടിച്ച് മുന്നോട്ട്.ഇച്ഛാ ശക്തിയുണ്ടെങ്കിൽ പ്രതിസന്ധികൾ വഴി മാറുമെന്നതിന്റെ ഉദാഹരണം. ഏയ്ഞ്ചലും അലോണയുമാണ് ഇന്ന് നിഷയുടെ ധൈര്യം.

” ഡ്രൈവിംഗ് എനിക്ക് ഒത്തിരി ഇഷ്ടമാണ്.ബസ് ഓടിക്കണം എന്ന് സ്വപ്നം കണ്ടിരുന്നെങ്കിലും യാഥാർഥ്യമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല.ലണ്ടൻ പോലെ ഒരു സ്ഥലത്ത് ബസ് ഓടിക്കാൻ കഴിഞ്ഞതിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമുണ്ട്. ഇനിയും വനിതകൾ ഈ മേഖലയിലേക്ക് കടന്ന് വരണം എന്നാണ് ആഗ്രഹം.” നിഷ പറയുന്നു.

ഇവിടം കൊണ്ടും ആഗ്രഹങ്ങൾ അവസാനിപ്പിക്കാൻ നിഷ തയ്യാറല്ല. ലണ്ടൻ മേഖലയിലെ ട്രാം ഓടിക്കുകയാണ് നിഷയുടെ അടുത്ത ലക്ഷ്യം. ആ സ്വപ്നവും എത്തിപ്പിടിക്കാൻ നിഷക്ക് കഴിയട്ടെ. കോട്ടയം കുറുപ്പുന്തറ കുരുപ്പത്തടത്തിൽ പാപ്പച്ചൻ(ജോൺ)ത്രേസ്യാമ്മ ദമ്പതികളുടെ മകളാണ് നിഷ. ഭർത്താവ് ബൈജുവിന്റെ തലയോലപ്പറമ്പിലെ കിനാറ്റുകരയിൽ കുടുംബവും നിഷക്ക് കട്ട സപ്പോർട്ടുമായി കൂടെയുണ്ട്.

A Malayalee woman Drives Govt. Bus at London