‘എല്ലാവര്‍ക്കും വാരിക്കോരി എ പ്ലസ്’; കുട്ടികളോട് ചെയ്യുന്ന ചതിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ വാരിക്കോരി മാര്‍ക്ക് വിതരമം ചെയ്യുന്ന സമ്പ്രദായത്തെ അതിരൂക്ഷമായി വിമര്‍ശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ് ഐഎഎസ്. അക്ഷരം കൂട്ടി വായിക്കാന്‍ പോലും അറിയാത്ത, സ്വന്തം പേരുപോലും തെറ്റാതെ എഴുതാനറിയാത്ത കുട്ടികള്‍ക്ക് വരെ എ പ്ലസ് കിട്ടുന്നുണ്ട്. ഇത് കുട്ടികളോട് ചെയ്യുന്ന ചതിയാണെന്നും അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സി ചോദ്യപ്പേപ്പര്‍ തയ്യാറാക്കലിനായുള്ള ശില്‍പശാലയ്ക്കിടെയാണ് ഡിപിഐയുടെ വിമര്‍ശനം.

പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ വാക്കുകള്‍:

‘പരീക്ഷകള്‍ പരീക്ഷകളാവുക തന്നെ വേണം. കുട്ടികള്‍ ജയിച്ചുകൊളളട്ടെ, വിരോധമില്ല. പക്ഷേ അമ്പത് ശതമാനത്തില്‍ കൂടുതല്‍ വെറുതെ മാര്‍ക്ക് നല്‍കരുത്. എല്ലാവര്‍ക്കും എ ഗ്രേഡ് കിട്ടുക, എ പ്ലസ് കിട്ടുക എന്നൊക്കെ പറയുന്നത് നിസാര കാര്യമാണോ? ‘അക്ഷരം കൂട്ടിവായിക്കാന്‍ അറിയാത്തവര്‍ക്കും എ പ്ലസ് കിട്ടുന്നുണ്ട്. എല്ലാ പ്രാവശ്യവും 69,000 പേര്‍ക്ക് എ പ്ലസ് എന്ന് വെച്ചാല്‍ എനിക്ക് നല്ല ഉറപ്പുണ്ട്, അക്ഷരം കൂട്ടി വായിക്കാനറിയാത്ത കുട്ടികള്‍ക്ക് വരെ അതില്‍ എ പ്ലസ് ഉണ്ട്. എ പ്ലസും, എ ഗ്രേഡും നിസ്സാരമല്ല. ഇത് കുട്ടികളോടുള്ള ചതിയാണ്. കേരളത്തെ ഇപ്പോള്‍ കൂട്ടിക്കെട്ടുന്നത് ബിഹാറുമായാണ്. യൂറോപ്പിലെ ഏറ്റവും മികച്ച വിദ്യാഭ്യാസവുമായി താരതമ്യം ചെയ്യുന്നിടത്ത് നിന്നാണ് ഈ അവസ്ഥയിലേക്ക് എത്തിയത്.’

അതേസമയം പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അഭിപ്രായം വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി തള്ളി. ആഭ്യന്തര യോഗത്തില്‍ പറയുന്നത് സര്‍ക്കാര്‍ നയമല്ല. എല്ലാവരെയും ഉള്‍ക്കൊള്ളിച്ച് ഗുണമേന്മ വര്‍ധിപ്പിക്കുന്നതാണ് സര്‍ക്കാര്‍ ലക്ഷ്യം. അതില്‍ മാറ്റം വരുത്തില്ല. പൊതു വിദ്യാഭ്യാസം സംരക്ഷിക്കലും മെച്ചപ്പെടുത്തലുമാണ് സര്‍ക്കാര്‍ നയമെന്നും വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി പറഞ്ഞു.

തികച്ചും ആന്തരികമായി നടക്കുന്ന ശില്പശാലകളില്‍ വിമര്‍ശനപരമായി വിദ്യാഭ്യാസത്തെ എങ്ങിനെ സമീപിക്കണം എന്ന് അഭിപ്രായം പറയുന്നതിനെ സര്‍ക്കാര്‍ നിലപാടായി കാണേണ്ടതില്ല. കേരള വിദ്യാഭ്യാസ മാതൃക ഏറെ പ്രകീര്‍ത്തിക്കപ്പെട്ടതാണ്. ദേശീയ ഗുണനിലവാര സൂചികകളിലും കേരളം മുന്‍പന്തിയിലാണ്. യുണിസെഫ് പോലുള്ള രാജ്യാന്തര ഏജന്‍സികളും കേരളത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയെ അഭിനന്ദിച്ചതാണ്. കേരള മാതൃകയെ കൂടുതല്‍ മെച്ചപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളിലാണ് പൊതുവിദ്യാഭ്യാസ വകുപ്പ് എന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

More Stories from this section

family-dental
witywide