പ്രതിസന്ധികൾ മലർമാലപോൽ അണിയുന്ന രണവീരനായി നീ….. മന്ത്രി സജി ചെറിയാനെ പുകഴ്ത്തി ഗാനം, ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

പത്തനംതിട്ട : പ്രിയമാർന്ന ജനസേവകൻ സജി ചെറിയാൻ

ഒരഭിമാന താരമായ് മാറീ

ചെങ്ങന്നൂരിന്റെ അഭിലാഷമായീ

പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്കു വേണ്ടി കരഞ്ഞൂ…

മന്ത്രി സജി ചെറിയാനെ വേദിയില്‍ ഇരുത്തിക്കൊണ്ട് ചെങ്ങന്നൂര്‍ മണ്ഡലത്തിലെ ഒരു വീട്ടമ്മ പാടിയ ഗാനം എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ്.

മന്ത്രിയെ വാനോളം പുകഴ്ത്തി വീട്ടമ്മ പാടിയ ഗാനം സമൂഹമാധ്യമങ്ങളിൽ വൈറൽ. സാംസ്‌കാരിക വകുപ്പിന്റെയും വാസ്തുവിദ്യാ ഗുരുകുലത്തിന്റെയും സഹായത്തോടെ ആരംഭിച്ച കളിമൺ കരകൗശല നിർമാണ വിപണന കേന്ദ്രമായ മുത്താരമ്മ ഗ്രാമീണ കലാകേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങിലായിരുന്നു മന്ത്രിയെ പുകഴ്ത്തിയുള്ള ഗാനാലാപനം. സാസംസ്കാരിക മന്ത്രിയായതിനാലാവാം ഒരു കവിത തന്നെ എഴുതിയേക്കാം എന്ന് മന്ത്രിയുടെ മണ്ഡലത്തിലെ ഒരു വോട്ടര്‍ തീരുമാനിച്ചത്. ഭാഗ്യത്തിന് കവിതയില്‍ കുന്തവും കൊടച്ചക്രവും കടന്നു വന്നില്ല.

മന്ത്രിയെ ജനസേവകൻ, അഭിമാന താരം, ചെങ്ങന്നൂരിന്റെ അഭിലാഷം, കർമയോദ്ധാവ്, രണവീരൻ, ജന്മനാടിന്റെ രോമാഞ്ചം, കൺകണ്ട ദൈവം, കാവലാൾ, ജനമന്ത്രി, സന്തോഷതാരം തുടങ്ങിയ വാക്കുകളാൽ വിശേഷിപ്പിച്ചാണ് കവിത പുരോഗമിക്കുന്നത്.

പ്രളയകാലത്ത് ഉൾപ്പെടെ ചെങ്ങന്നൂർ എംഎൽഎ കൂടിയായ സജി ചെറിയാൻ നടത്തിയ ഇടപെടലുകളെ പുകഴ്ത്തിയാണ് കവിത. മന്ത്രിയെ സാക്ഷിയാക്കി ചെങ്ങന്നൂർ ഉമയാറ്റുകര സ്വദേശിനി ഗീത രാമചന്ദ്രനാണ് കവിത ചൊല്ലിയത്. ഗീത തന്നെയാണ് എഴുതിയതും.

മന്ത്രിയെക്കുറിച്ചുള്ള ഗാനത്തിന്റെ വരികൾ:

പ്രിയമാർന്ന ജനസേവകൻ സജി ചെറിയാൻഒരഭിമാന താരമായ് മാറീ

ചെങ്ങന്നൂരിന്റെ അഭിലാഷമായീ

പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്കു വേണ്ടി കരഞ്ഞൂ

കക്ഷിരാഷ്ട്രീയങ്ങളില്ലാതെ, കൈത്താങ്ങും തണലുമായി നിന്നൂ

കർമയോദ്ധാവായ് പടനയിച്ചായിരം കണ്ണുനീരൊപ്പി നടന്നൂ

പ്രതിസന്ധികൾ മലർമാലപോൽ അണിയുന്ന രണവീരനായി

ജന്മനാടിന്റെ രോമാഞ്ചമായീ

പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്കു വേണ്ടി കരഞ്ഞൂ

കല്ലോലിനി പോലൊഴുകും കരുണ തൻ കർമങ്ങളിൽ നാഥനായീ‌

കൺകണ്ട ദൈവമായ് കാവലാളായ് ജനം നെഞ്ചോടു ചേർത്തങ്ങുയർത്തീ

വിജയങ്ങളിൽ ജനമന്ത്രിയായി സന്തോഷതാരം വിടർന്നു

നാടിന്റെ വികസനം ജീവിതലക്ഷ്യമാക്കീ

പ്രളയത്തെ നോക്കീ വിതുമ്പീ, പിന്നെ പ്രജകൾക്കു വേണ്ടി കരഞ്ഞൂ

പ്രിയമാർന്ന ജനസേവകൻ സജി ചെറിയാൻ

ഒരഭിമാന താരമായ് മാറീ

ചെങ്ങന്നൂരിന്റെ അഭിലാഷമായീ…

More Stories from this section

family-dental
witywide