
ലക്‌നൗ : പോലീസുകാരും കുപ്രസിദ്ധ കുറ്റവാളിയും തമ്മിലുള്ള ഏറ്റുമുട്ടലിനിടെ വെടിയേറ്റ 30 കാരനായ ഉത്തര്‍പ്രദേശ് പോലീസ് ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങി. പോലീസ് കോണ്‍സ്റ്റബിള്‍ സച്ചിന്‍ രതിയാണ് കൊല്ലപ്പെട്ടത്. കുറഞ്ഞത് 20 കേസുകളില്‍ പ്രതിയായ അശോക് യാദവിനെ കണ്ണൗജിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്യാന്‍ പോയ നാലംഗ പോലീസ് സംഘത്തിന്റെ ഭാഗമായിരുന്നു രതി.
അശോക് യാദവും മകന്‍ അഭയും പോലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് രക്ഷപ്പെടാന്‍ ശ്രമിച്ചു. അതിനിടെ രതിയുടെ തുടയിലാണ് വെടിയേറ്റത്. കനത്ത വെടിവെപ്പിനെത്തുടര്‍ന്ന് പോലീസ് സംഘം സേനയെ വിന്യസിച്ചു. താമസിയാതെ, നാല് പോലീസ് സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. ഒരു മണിക്കൂറോളം നീണ്ട ഏറ്റുമുട്ടലിനൊടുവില്‍ യാദവും മകനും കസ്റ്റഡിയിലായി. ഏറ്റുമുട്ടലിനിടെ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇവരുടെ കാലിനും വെടിയേറ്റിരുന്നു.
വെടിയേറ്റ രതിയെ ഉടന്‍ കാണ്‍പൂര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പക്ഷേ അമിത രക്തസ്രാവത്തെ തുടര്‍ന്ന് ഇദ്ദേഹം അര്‍ദ്ധരാത്രിയില്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മുസാഫര്‍നഗര്‍ സ്വദേശിയായ സച്ചിന്‍ രതി 2019ലാണ് പോലീസ് സേനയില്‍ ചേര്‍ന്നത്. ഫെബ്രുവരി 5 ന് ഒരു വനിതാ കോണ്‍സ്റ്റബിളിനെ വിവാഹം കഴിക്കാനിരിക്കുകയായിരുന്നു. വിവാഹ ആഘോഷങ്ങള്‍ക്കായി ഒരുങ്ങിയിരുന്ന കുടുംബം മരണ പന്തലൊരുക്കിയ വീട്ടില്‍ കണ്ണീര്‍ പൊഴിക്കുകയാണ്.
അതേസമയം, പോലീസ് ലൈനുകളില്‍ ഗണ്‍ സല്യൂട്ട് നല്‍കി യുവ കോണ്‍സ്റ്റബിളിനെ ആദരിക്കുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.










