നിയമ ലംഘനത്തിന്റെ പേരിൽ രാഘവ് ഛദ്ദയ്ക്ക് രാജ്യസഭയിൽ നിന്ന് സസ്പെഷൻ

ന്യൂഡൽഹി: ആം ആദ്മി പാർട്ടി(എഎപി) എംപി രാഘവ് ഛദ്ദയെ നിയമ ലംഘനങ്ങൾ ആരോപിച്ച് രാജ്യസഭയിൽ നിന്നും സസ്പെൻഡ് ചെയ്തു. രാജ്യസഭയിൽ ഡൽഹി ഭരണ നിയന്ത്രണ ബില്ലുമായി ബന്ധപ്പെട്ട പ്രമേയത്തിൽ 5 എംപിമാരുടെ വ്യാജ ഒപ്പ് ഉണ്ടാക്കിയെന്ന ആരോപണത്തിലാണ് സസ്പെൻഷൻ. പ്രിവിലേജ് കമ്മിറ്റി ആരോപണം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കും. പിയൂഷ് ഗോയലാണ് രാഘവിനെതിരെ സസ്‌പെന്‍ഷന് പ്രമേയം കൊണ്ടുവന്നത്. എഎപി എംപി സഞ്ജയ് സിങ്ങിന്റെ സസ്പെഷൻ കാലാവധിയും നീട്ടി.

ഡൽഹി ഭരണ നിയന്ത്രണ ബിൽ പരിശോധിക്കാൻ ഒരു സെലക്ട് കമ്മിറ്റിയെ രാഘവ് ഛദ്ദ നിർദേശിച്ചിരുന്നു. അതിലേക്ക് എംപിമാരായ സസ്മിത് പത്ര (ബിജു ജനതാദൾ), എസ്.ഫാങ്‌നോൺ കൊന്യാക് (ബിജെപി), നർഹരി അമിൻ (ബിജെപി), സുധാംശു ത്രിവേദി (ബിജെപി), എം.തമ്പിദുരൈ (എഐഎഡിഎംകെ) എന്നിവരുടെ പേരാണ് നിർദേശിച്ചിരുന്നത്.

എന്നാൽ, തങ്ങളുടെ സമ്മതമില്ലാതെയാണ് തങ്ങളുടെ പേരുകൾ സെലക്ട് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്ന് എംപിമാർ ആരോപിച്ചു. തീര്‍ത്തും സഭയുടെ മാന്യതയ്ക്ക് ധാര്‍മികതയ്ക്ക് നിരക്കാത്ത തരത്തിലാണ് രാഘവ് ചദ്ദ പെരുമാറിയതെന്ന് ഗോയല്‍ ആരോപിച്ചു.

അതേസമയം വ്യാജ ഒപ്പിട്ടെന്നു പറയുന്ന പേപ്പർ കാണിക്കാന്‍ രാഘവ് ചദ്ദ ബിജെപിയെ വെല്ലുവിളിച്ചിരുന്നു.

‘‘റൂൾ ബുക്ക് അനുസരിച്ച് ഒപ്പ് ആവശ്യമില്ല. അതുകൊണ്ട് അവർ വ്യാജ ഒപ്പിട്ടതായി അവകാശപ്പെടുന്ന പേപ്പർ കാണിക്കാൻ ഞാൻ ബിജെപിയെ വെല്ലുവിളിക്കുന്നു. സെലക്ട് കമ്മിറ്റിയിലേക്ക് പേര് നിർദ്ദേശിച്ചിട്ടുള്ള അംഗത്തിന്റെ ഒപ്പോ രേഖാമൂലമുള്ള സമ്മതമോ ആവശ്യമില്ലെന്ന് രാജ്യസഭാ റൂൾ ബുക്കിൽ പറയുന്നുണ്ട്’’– അദ്ദേഹം പറഞ്ഞു. തനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ബിജെപി അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും രാഘവ് ഛദ്ദ പറഞ്ഞു.