
കേരളം മുഴുവൻ കാത്തിരുന്ന ആ സന്തോഷവാർത്ത പുറത്തു വന്നിരിക്കുന്നു. ഇന്നലെ തട്ടിക്കൊണ്ടുപോയ ആറു വയസ്സുകാരി അബിഗേൽ സാറാ റെജിയെ കൊല്ലത്തുനിന്ന് കണ്ടെത്തി. തട്ടിക്കൊണ്ടുപോയവർ ആശ്രാമം മൈതാനത്ത് ഉപേക്ഷിച്ചു കടക്കുകയായിരുന്നു .
കൊല്ലം ഓയൂരില്‍ ഇന്നലെ വൈകിട്ട് 4. 30ന് വീടിനു സമീപത്തുനിന്ന് ഒരു വെളുത്ത കാറിൽ കുഞ്ഞിനെ തട്ടിക്കൊണ്ടു പോവുകയായിരുന്നു . ഉച്ചയ്ക്ക് ആശ്രാമം മൈതാനത്ത് കണ്ടെത്തി. അവിടെ എത്തിയിരുന്ന കുറച്ചു കോളജ് വിദ്യാർഥികളാണ് ആദ്യം കുട്ടിയെ കണ്ടെത്തിയത്. പെട്ടെന്ന് നാട്ടുകാർ ഒത്തുകൂടി പൊലീസിനെ അറിയിച്ചു. ഒന്നര മണിയോടെയാണ് കൊല്ലം ഈസ്റ്റ് പോലീസ് കുട്ടിയെ ആശ്രാമം മൈതാനത്തുനിന്ന് കമ്മിഷ്ണറുടെ ഓഫിസിലേക്ക് കൊണ്ടുപോയി. പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണെന്നും അന്വേഷണം ഊർജിതമായി നടക്കുന്നുണ്ടെന്നും പോലീസ് അറിയിച്ചു.
ജ്യേഷ്ഠനൊപ്പം ട്യൂഷന് പോകും വഴിയാണ് കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെ വെള്ള കാറിലെത്തിയ സംഘം കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇതിനിടെ തട്ടിക്കൊണ്ടുപോയ സംഘം കുട്ടിയുടെ അമ്മയുടെ ഫോണിലേക്ക് വിളിച്ച് പത്ത് ലക്ഷം രൂപ ആവശ്യപ്പെട്ടിരുന്നു.
നേരത്തെ പ്രതിയെന്ന് സംശയിക്കുന്നയാളുടെ രേഖാചിത്രം പോലീസ് പുറത്തുവിട്ടിരുന്നു. കുട്ടിയുടെ ബന്ധുക്കളെ വിളിക്കുന്നതിനായി പാരിപ്പള്ളിയിലെ കടയിലെത്തിയ ആളുടെ രേഖാചിത്രമാണ് പോലീസ് തയാറാക്കിയത്. കുട്ടിയെ തട്ടിക്കൊണ്ടുപോയവരുടേതെന്ന് സംശയിക്കുന്ന വാഹനം ഇന്നലെ അർധരാത്രിയോടെ പള്ളിക്കലിൽനിന്ന് പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
Abducted girl found at Kollam Ashramam ground