കോട്ടയത്ത് അമ്മയെ കൊലപ്പെടുത്തിയ കേസിലെ പ്രതി പാലത്തില്‍ തൂങ്ങിമരിച്ചനിലയില്‍

കോട്ടയം: അമ്മയെ കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയെ പ്രതിയെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. പനച്ചിക്കാട് സ്വദേശി ബിജുവിനെയാണ് വാകത്താനം പള്ളിയ്ക്ക് സമീപത്തെ പാലത്തില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. ഇയാള്‍ ഓട്ടോറിക്ഷ ഡ്രൈവറായിരുന്നു. ഓട്ടോയില്‍ കയര്‍ ചുറ്റിയ ശേഷം കുരുക്ക് കഴുത്തിലിട്ട് പാലത്തില്‍ നിന്ന് പുഴയിലേക്ക് ചാടിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

2022ലാണ് ഇയാള്‍ സ്വന്തം അമ്മയെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയത്. അവശ നിലയില്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ബിജുവിന്റെ അമ്മ സതി മരിച്ചത്. സ്വാഭാവിക മരണമെന്നാണ് ആദ്യം കരുതിയിരുന്നതെങ്കിലും മര്‍ദ്ദനമേറ്റാണ് മരണമെന്ന് പിന്നീട് തെളിയുകയായിരുന്നു. ഇതേത്തുടര്‍ന്ന് അറസ്റ്റിലായ ബിജു ദീര്‍ഘകാലം ജയിലിലായിരുന്നു. അടുത്തിടെയാണ് ജാമ്യത്തില്‍ പുറത്തിറങ്ങിയത്.