സൈബര്‍ ആക്രമണത്തിന് എതിരെ പരാതിയുമായി ഉമ്മന്‍ചാണ്ടിയുടെ മകള്‍

പുതുപ്പള്ളി: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ സാമൂഹ്യ മാധ്യമങ്ങളിലൂടെയും പാര്‍ട്ടി വേദികളിലൂടെയും വ്യക്തിഹത്യ നടത്താനും സ്ത്രീത്വത്തെ അപമാനിക്കാനുമുള്ള ശ്രമങ്ങള്‍ നടക്കുന്നുവെന്നാണ് ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്റെ പരാതി. ഇടതുപക്ഷ സൈബര്‍ ഹാന്‍ഡിലുകള്‍ വഴിയാണ് ഓണ്‍ലൈന്‍ ആക്രമണമെന്ന് പരാതിയില്‍ പറയുന്നു.

സെക്രട്ടേറിയറ്റിലെ ഒരു മുന്‍ ഉദ്യോഗസ്ഥനാണ് ഇതിന് പിന്നിലെന്ന് അച്ചു ഉമ്മന്‍ ആരോപിക്കുന്നു. അദ്ദേഹത്തിനെതിരെ സൈബര്‍ സെല്ലിലും തിരുവനന്തപുരം പൂജപ്പുര സ്റ്റേഷനിലും പരാതി നല്‍കി. തെളിവ് സഹിതമാണ് പരാതി നല്‍കിയതെന്ന് അച്ചു ഉമ്മന്‍ അറിയിച്ചു.

സാമൂഹ്യ മാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കാനാണ് ശ്രമം നടക്കുന്നതെന്ന് പരാതിയില്‍ പറയുന്നു. കഴിഞ്ഞ ദിവസം സാമൂഹ്യ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ട ഒരു ചിത്രം വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇത് ബോധപൂര്‍വ്വം ഉമ്മന്‍ചാണ്ടിയുടെ കുടുംബത്തെ അവഹേളിക്കാന്‍ ഇടതുപക്ഷം നടത്തിയ ശ്രമമെന്നാണ് ആരോപണം. മുഖമില്ലാത്തവര്‍ക്കെതിരെ നിയമ നടപടിയില്ലെന്നും ധൈര്യമുള്ളവര്‍ നേര്‍ക്കുനേര്‍ വരട്ടേ എന്നും കഴിഞ്ഞ ദിവസം അച്ചു ഉമ്മന്‍ പ്രതികരിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെതിരെ പരാതി നല്‍കിയിരിക്കുന്നത്.

മുന്‍ മുഖ്യമന്ത്രിയുടെ മകളായതുകൊണ്ട് തന്നെ വേട്ടയാടുകയാണ്. തന്റെ സാമൂഹ്യ മാധ്യമ അക്കൗണ്ടുകളിലുള്ള ചിത്രങ്ങളെടുത്ത് അതില്‍ മനോര ന്യൂസ് പോലുള്ള ടി.വി.ചാനലുകളുടെ ലോഗോകള്‍ ചേര്‍ത്താണ് പ്രചരിപ്പിക്കുന്നതെന്നും അച്ചു ഉമ്മന്‍ ആരോപിച്ചു. ലോഗോ ദുരുപയോഗം ചെയ്തതിനെതിരെ മനോരമ ന്യൂസും പരാതി നല്‍കിയിട്ടുണ്ട്.

അതിനിടെ അച്ചു ഉമ്മന് പിന്തുണയുമായി ഭര്‍ത്താവ് ലിജോ ഫിലിപ്പ് രംഗത്തെത്തി. കണ്ടന്റ് ക്രിയേറ്റര്‍ എന്ന നിലയിലുള്ള അച്ചു ഉമ്മന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കുന്നു. താനും മക്കളും ഒപ്പമുണ്ടെന്നും ഫേസ് കുറിപ്പിലൂടെയാണ് ലിജോ ഫിലിപ്പ് വ്യക്തമാക്കി.