എൽജിബിടിക്യൂ സമൂഹത്തിനെതിരായ സൈബർ ആക്രമണം; നടപടി സ്വീകരിക്കണമെന്ന് പൊലീസിനോട് ഹൈക്കോടതി

കൊച്ചി: എൽജിബിടിക്യു+ സമൂഹത്തിനെതിരായ സൈബർ സൈബർ ആക്രമണത്തിനെതിരെ നടപടി സ്വീകരിക്കണമെന്ന് പൊലീസിന് കേരളാ ഹൈക്കോടതിയുടെ നിർദേശം. സൈബർ ആക്രമണത്തിന് എതിരെ രൂക്ഷ വിമർശനമാണ് ഹൈക്കോടതി ഉയർത്തിയത്. യൂത്ത് എൻറിച്ച്മെന്റ് സൊസൈറ്റി എന്ന സോഷ്യൽമീഡിയ പ്ലാറ്റ്ഫോമിനെതിരെയുളള ഹർജികൾ പരി​ഗണിക്കവെയാണ് ഹൈക്കോടതിയുടെ നിർദേശം.

എൽജിബിടിക്യൂ വിഭാഗത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ വ്യാജവാർത്തകളും അശാസ്ത്രീയ വിവരങ്ങളും പ്രചരിപ്പിച്ചുവെന്ന് ഹർജിയിൽ പറയുന്നു. വിദ്വേഷവും അപകീർത്തികരമായ പരാമർശങ്ങളും പ്രചരിപ്പിച്ചെന്നും ഹർജിയിൽ പറഞ്ഞിരുന്നു.

വിദ്വേഷകരമായ പരാമർശങ്ങൾ എൽജിബിടിക്യു+ സമൂഹത്തിനെതിരെ ആൾക്കൂട്ട കൊലപാതകം പോലുളള കുറ്റകൃത്യങ്ങൾ ചെയ്യാൻ ജനങ്ങളെ പ്രേരിപ്പിക്കുന്നതിന് സാധ്യതയുണ്ടെന്ന് കോട‌തി നിരീക്ഷിച്ചു. ജീവിക്കാനുളള അവകാശം ഓരോ പൗരനുമുണ്ട്. അത് വിനാശകരമായ ചിന്തകളുളള വ്യക്തികൾക്ക് ദുർബലമാക്കാനോ അടിച്ചമർത്താനോ കഴിയില്ലെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ സിംഗിൾ ബെഞ്ചിന്റേതാണ് നിരീക്ഷണം.