കൊച്ചി: തിരുവോണ ദിവസം പട്ടിണി കിടക്കുന്ന അച്ഛനേയും അമ്മയേയും കണ്ട് വളരുന്ന മക്കള്‍ എങ്ങനെ കൃഷിപ്പണിക്കിറങ്ങുമെന്ന് നടന്‍ ജയസൂര്യ. വിഷമടിച്ച പച്ചക്കറികളേയും, ഭക്ഷ്യവസ്തുക്കള്‍ക്ക് ക്വാളിറ്റി ചെക്ക് ഇല്ലാത്തതിനേയും ജയസൂര്യ നിശിതമായി വിമര്‍ശിച്ചു. കൃഷി മന്ത്രി പി. പ്രസാദിനെയും വ്യവസായ മന്ത്രി പി. രാജീവിനെയും വേദിയിലിരുത്തിയായിരുന്നു ജയസൂര്യയുടെ വിമർശനം തിരുവോണ ദിവസം കളമശ്ശേരി കാര്‍ഷികോത്സവത്തില്‍ മുഖ്യാതിഥിയായിരുന്നു നടന്‍ ജയസൂര്യ.
“കൃഷിക്കാർ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ ചെറുതല്ലെന്ന് ബഹുമാനപ്പെട്ട മന്ത്രിമാര്‍ മനസ്സിലാക്കണം. ഒരു സിനിമ പൊട്ടിയാൽ അത് ഏറ്റവും അവസാനം അറിയുന്നത് അതിലെ നായകൻ ആയിരിക്കും എന്ന് പറയാറുണ്ട്. എന്ന് പറഞ്ഞത് പോലെ കൃഷി മന്ത്രി പ്രസാദ് അവർകളുടെ ചെവിയിൽ കാര്യങ്ങൾ എത്താൻ ചിലപ്പോൾ ഒരുപാട് വൈകും. എന്റെ സുഹൃത്തും കര്‍ഷകനും നടനുമായ കൃഷ്ണപ്രസാദ് കഴിഞ്ഞ അഞ്ചാറുമാസമായി നെല്ല് കൃഷ്ണപ്രസാദ് ഇതുവരെ സപ്ലൈക്കോ പണം കൊടുത്തിട്ടില്ല. തിരുവോണ ദിവസം അവര്‍ ഉപവാസം ഇരിക്കുകയാണ്. നമ്മുടെ കര്‍ഷകര്‍ പട്ടിണി ഇരിക്കുകയാണ്. അധികൃതരുടെ ശ്രദ്ധയില്‍ എത്തിക്കാന്‍ വേണ്ടിയാണ് അവർ കിടന്ന് കഷ്ടപ്പെടുന്നത്. ഞാൻ അവർക്ക് വേണ്ടിയാണ് ഈ സംസാരിക്കുന്നത്. വേറൊരു രീതിയിൽ ഇതിനെ കാണരുത്. പുതിയ തലമുറയിലെ ചെറുപ്പക്കാര്‍ കൃഷിയിലേക്ക് വരുന്നില്ലെന്നും അവർക്ക് ഷർട്ടിൽ ചളി പുരളുന്നത് ഇഷ്ടമല്ലെന്നുമാണ് മന്ത്രി പറഞ്ഞത്. സാറ് ഒരു കാര്യം മനസ്സിലാക്കണം. തിരുവോണ ദിവസും കൊടുത്ത നെല്ലിന്റെ പണത്തിന് വേണ്ടി പട്ടിണി കിടക്കുന്ന അച്ഛനെയും അമ്മയെയും കാണ്ടിട്ട് മക്കള്‍ എങ്ങനെയാണ് സാര്‍, കൃഷിയിലേക്ക് വരുന്നത്. ഒരിക്കലും വരില്ല. അതുകൊണ്ട് കര്‍ഷകരുടെ പ്രശ്നത്തില്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് നടപടി ഉണ്ടാവണം,” ജയസൂര്യ പറഞ്ഞു.
ഗുണനിലവാരം പരിശോധിക്കാനുള്ള സംവിധാനമാണ് സംസ്ഥാനത്ത് ആദ്യം വേണ്ടത് എന്നും ജയസൂര്യ ആവശ്യപ്പെടുന്നുണ്ട്. താൻ ഒരു സ്ഥലത്ത് പോയപ്പോൾ അവിടെ ഫസ്റ്റ് ക്വാളിറ്റി അരി ഉണ്ടായിരുന്നു. എന്നാൽ അത് കേരളത്തിൽ വിൽക്കുന്നില്ല, പുറത്ത് കൊടുക്കുകയാണ് എന്നാണ് പറഞ്ഞത്. എന്താണെന്ന് ചോദിച്ചപ്പോൾ ഗുണനിലവാര പരിശോധന അടക്കമുള്ള കാര്യങ്ങൾ ഇവിടെ ഇല്ല എന്നായിരുന്നു മറുപടി എന്നും ജയസൂര്യ പറഞ്ഞു. ഗുണനിലവാര പരിശോധന ഇല്ലാത്തതുകൊണ്ട് തേർഡ് ക്വാളിറ്റി അരിയും വിഷം അടങ്ങിയ പച്ചക്കറികൾ കഴിക്കേണ്ട ഗതികേടിലാണ് നമ്മൾ ഇപ്പോൾ ഉള്ളത് എന്ന കാര്യവും അദ്ദേഹം സൂചിപ്പിക്കുന്നുണ്ട്.