
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയില്‍ അറസ്റ്റിലായ നടന്‍ ഷിയാസ് കരീമിന് ഇടക്കാല ജാമ്യം. ഹൈക്കോടതിയാണ് ഷിയാസിന് ജാമ്യം അനുവദിച്ചത്. ജിമ്മില്‍ പരിശീലകയായ പടന്ന സ്വദേശിനിയാണ് സിനിമാ, റിയാലിറ്റി ഷോ താരവും എറണാകുളം പെരുമ്പാവൂര്‍ സ്വദേശിയുമായ ഷിയാസ് കരീമിനെതിരെ പീഡനക്കുറ്റമാരോപിച്ച് പരാതി നല്‍കിയത്.
2021 മുതല്‍ 2023 മാര്‍ച്ച് വരെ എറണാകുളത്തെ ലോഡ്ജിലും മൂന്നാറിലും വച്ച് പീഡിപ്പിച്ചുവെന്നും പല തവണകളായി തന്റെ കയ്യില്‍ നിന്ന് 11 ലക്ഷം രൂപ കൈക്കലാക്കിയെന്നും ചെറുവത്തൂരില്‍ വച്ച് കയ്യേറ്റം ചെയ്തുവെന്നും ചൂണ്ടിക്കാട്ടിയാണ് യുവതി പരാതി നല്‍കിയത്. വിവാഹബന്ധം വേര്‍പിരിഞ്ഞ 32 വയസുകാരിയാണ് പരാതിക്കാരി. ഷിയാസ് കരീം മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനിടെയാണു യുവതി പരാതിയുമായി എത്തിയത്.
ഇന്ന് രാവിലെ ചെന്നൈ വിമാനത്താവളത്തില് വച്ചാണ് ഷിയാസ് കരീമിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗള്‍ഫിലായിരുന്ന ഷിയാസ് ചെന്നൈ വഴി കേരളത്തിലേക്ക് എത്താനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ ഷിയാസിനെതിരെ പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് ഉള്‍പ്പെടെ ഇറക്കിയ സാഹചര്യത്തില്‍ കസ്റ്റംസ് ഇയാളെ ചെന്നൈ വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. തുടര്‍ന്ന് പൊലീസ സംഘം ചെന്നൈയില്‍ എത്തി ഷിയാസിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.









