ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞു, നാളെ കൃഷ്ണൻ, അവസാനം നിങ്ങളും മിത്താണെന്ന് പറയും: ഉണ്ണി മുകുന്ദൻ

കൊട്ടാരക്കര: മിത്ത് വിവാദത്തിൽ വിമർശനവുമായി നടൻ ഉണ്ണി മുകുന്ദൻ. ഇന്ന് ഗണപതി മിത്താണെന്ന് പറഞ്ഞവർ നാളെ എല്ലാവരും മിത്താണെന്ന് പറയുമെന്നും ഹിന്ദുക്കൾ തങ്ങളുടെ അവസ്ഥ മനസ്സിലാക്കണമെന്നും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ വിനായക ചതുർഥി ആഘോഷത്തിൽ പങ്കെടുത്ത് സംസാരിക്കവേ ഉണ്ണി പറഞ്ഞു.

“ഹിന്ദു വിശ്വാസികളുടെ ഏറ്റവും വലിയ പ്രശ്‌നം അവരുടെ പേടിയാണ്. അവർ ഒട്ടും നട്ടെല്ലില്ലാത്ത ആൾക്കാരായി മാറി. ഞാനൊരു വിശ്വാസിയാണ്. കുറച്ച് സെൻസിറ്റീവും ആണ്. ഞാൻ മനസ്സിൽ കൊണ്ട് നടക്കുന്ന ദൈവം ഇല്ല, മിത്ത് ആണെന്നൊക്കെ പറയുമ്പോൾ ആർക്കും ഒരു വിഷമവുമില്ല. ഞാൻ അടക്കമുള്ള ഹിന്ദു വിശ്വാസികളുടെ പ്രശ്‌നമെന്താണെന്ന് വെച്ചാൽ നമുക്കിതൊക്കെ ഒകെ ആണ്. ഈ സമൂഹത്തിൽ നമ്മുടെ അവസ്ഥ എന്താണെന്ന് നിങ്ങൾ മനസ്സിലാക്കണം. ഇന്ത്യയിൽ ആർക്കും എന്ത് അഭിപ്രായവും പറയാം. പക്ഷേ ആർക്ക് വേണ്ടിയാണ് ഇത് പറയുന്നത്, ആരാണിതൊക്കെ കേട്ടിരിക്കുന്നത് എന്ന് ചിന്തിക്കണം.”

മറ്റ് മതങ്ങളിലെ ആചാരങ്ങളെയും വിശ്വാസങ്ങളെയും കുറിച്ച് ആരും ഒരു വാക്കു പോലും മിണ്ടില്ലെന്നും അത്തരത്തിലാവണം ഹിന്ദുക്കളുടെ കാര്യങ്ങളും മുന്നോട്ട് കൊണ്ടുപോകേണ്ടതെന്ന് ഉണ്ണി മുകുന്ദൻ പറഞ്ഞു.

“ഇന്ന് ഗണപതി മിത്താണെന്ന് പറയുന്നവർ നാളെ കൃഷ്ണൻ മിത്താണെന്ന് പറയും, പിന്നത് ശിവനാകും, അവസാനം നിങ്ങളും മിത്താണെന്ന് പറയും. ഇനിയെങ്കിലും ഇത്തരത്തിലുള്ള കാര്യങ്ങൾ വരുമ്പോൾ അത് വിഷമമുണ്ടാക്കി എന്നെങ്കിലും പറയാൻ കഴിയണം. ഒരു സിനിമ ചെയ്തതിന്റെ പേരിൽ കുറേയധികം കേട്ടയാളാണ് ഞാൻ. അതുകൊണ്ടു കൂടി പറയുകയാണ്. ചില കാര്യങ്ങൾ കാണുമ്പോൾ വലിയ വിഷമം തോന്നും. ഹിന്ദു വിശ്വാസികളുടെ സമീപനം അത്തരത്തിലൊന്നാണ്. മറ്റുള്ളവരെ വേദനിപ്പിക്കണം എന്നല്ല പറയുന്നത്. ഹിന്ദുക്കൾ അവരുടെ അവസ്ഥ മനസ്സിലാക്കണം. ഗണപതി ഇല്ല എന്നൊരാൾ പറയുമ്പോൾ അദ്ദേഹത്തിന് വേണ്ടിയെങ്കിലും നമ്മൾ ശബ്ദമുയർത്തണം”.

More Stories from this section

dental-431-x-127
witywide