നടിയെ ആക്രമിച്ച കേസ്: വിചാരണ പരമാവധി വേഗം പൂർത്തിയാക്കാൻ സുപ്രീംകോടതി നിർദേശം

നടിയെ ആക്രമിച്ച കേസിന്റെ വിചാരണ പരമാവധി വേഗത്തിൽ പൂർത്തിയാക്കാൻ വിചാരണക്കോടതിക്ക് സുപ്രീം കോടതിയുടെ നിർദേശം. 8 മാസം കൂടി സമയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള വിചാരണക്കോടതി ജഡ്ജിഹണി എം വർഗീസിന്റെ റിപ്പോർട്ട് അംഗീകരിച്ച കോടതി, മാർച്ച് 31 വരെ സമയം അനുവദിച്ചു.

ഇതിനിടെ, കേസ് വൈകിപ്പിക്കുന്നു എന്ന് നടൻ ദിലീപിനു വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോഹ്തഗി ചൂണ്ടിക്കാട്ടി. സമയം നീട്ടിച്ചോദിച്ച വിചാരണക്കോടതി ജഡ്ജിക്കെതിരെയും ദിലീപിന്റെ മുകുൾ റോഹ്തഗി രൂക്ഷ വിമർശനം ഉന്നയിച്ചു.

വിചാരണയ്ക്കു സമയപരിധി നിശ്ചയിച്ചു വിചാരണ പൂർത്തിയാക്കാൻ നിർദേശിക്കണമെന്ന കേസിലെ പ്രതി നടൻ ദിലീപിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു കോടതി. വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം അനുവദിക്കരുതെന്ന് ദിലീപ് ആവശ്യപ്പെട്ടെങ്കിലും ജഡ്ജിമാരായ അനിരുദ്ധ ബോസ്, ബേല എം. ത്രിവേദി എന്നിവരുടെ ബെഞ്ച് അംഗീകരിച്ചില്ല.

വിചാരണ പൂര്‍ത്തിയാക്കാന്‍ സുപ്രീംകോടതി അനുവദിച്ച സമയപരിധി ജൂലായ് 31ന് കഴിഞ്ഞിരുന്നു. ഇനിയും ആറ് സാക്ഷികളെ വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്‍ അറിയിച്ചിരിക്കുന്നത്.

സുപ്രീംകോടതി അനുവദിച്ച സമയത്തിനുള്ളില്‍ വിചാരണ പൂര്‍ത്തിയാക്കാനുള്ള എല്ലാ ശ്രമങ്ങളും കോടതി നടത്തിയിരുന്നെന്ന് വിചാരണക്കോടതി ജഡ്ജി നൽകിയ കത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഭരണപരമായി മറ്റ് ചുമതലകൾ കൂടി നിര്‍വഹിക്കേണ്ടതുണ്ടെന്നും വിസ്താരം പൂര്‍ത്തിയാക്കാന്‍ ഏറ്റവും ചുരുങ്ങിയത് മൂന്നുമാസം കൂടി ആവശ്യമാണെന്നാണ് രേഖകളില്‍ നിന്ന് മനസ്സിലാകുന്നതെന്നും വിചാരണക്കോടതി ജഡ്ജി സുപ്രീംകോടതിക്ക് കൈമാറിയ കത്തില്‍ പറയുന്നു.

More Stories from this section

family-dental
witywide