അദാനി ഓഹരി തട്ടിപ്പ് നടത്തിയെന്ന് ആരോപണം; ജെപിസി അന്വേഷണം ആവശ്യപ്പെട്ട് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിപണിയില്‍ തങ്ങളുടെ ഓഹരി മൂല്യം പെരുപ്പിച്ച് കാട്ടാന്‍ വേണ്ടി സ്വന്തം ആളുകള്‍ വഴി അദാനി ഗ്രൂപ്പ് സ്വന്തം ഓഹരികള്‍ വാങ്ങികൂട്ടിയെന്ന് വെളിപ്പെടുത്തല്‍ . സമനവെളിപ്പെടുത്തല്‍ കുറച്ചു നാളുകള്‍ക്ക് മുമ്പ് ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത് വിവാദമായിരുന്നു. മാധ്യമപ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഓര്‍ഗനൈസ്ഡ് ക്രൈം ആന്‍ഡ് കറപ്ഷന്‍ റിപ്പോര്‍ട്ടിങ് പ്രോജക്ട് (ഒസിസിആര്‍പി) പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ആരോപണം. ഗൗതം അദാനിയുടെ ഗള്‍ഫിലുള്ള സഹോദരന്‍ വിനോദ് അദാനിയുടെ അടുപ്പക്കാരായ തായ് വാന്‍ സ്വദേശി ചാങ് ചുങ് ലിങ്, യുഎഇ സ്വദേശി നാസര്‍ അലി ഷബാന്‍ അഹ്ലി, എന്നിവരാണ് വിവാദത്തിലെ കേന്ദ്രബിന്ദുക്കള്‍.

ഇവര്‍ മൊറീഷ്യസ്, ബ്രിട്ടിഷ് വെര്‍ജിന്‍ ഐലന്‍ഡ്സ്, യുഎഇ എന്നിവിടങ്ങളിലായി കടലാസ് കമ്പനികള്‍ റജിസ്റ്റര്‍ ചെയ്തു. ഇന്ത്യയില്‍ നിന്ന് അദാനിയുടെ 6000 കോടി രൂപ ഈ കമ്പനികളിലേക്ക് കടത്തിയെന്നും അദാനിയുടെ വിവിധ കമ്പനികളില്‍ ഇരുപതിനായിരം കോടിയായി തിരികെ നിക്ഷേപം നടത്തിയെന്നുമാണ് കണ്ടെത്തല്‍.

അദാനി പവര്‍, അദാനി ട്രാന്‍സ്മിഷന്‍, അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്സ് എന്നീ കമ്പനികളുടെ ഓഹരികളാണ് ഈ പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയത്. ഇങ്ങനെ കൃത്രിമമായി ഡിമാന്‍ഡ് ഉണ്ടാക്കി ഓഹരിമൂല്യം ഉയര്‍ത്തി അദാനി വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് പതിനായിരക്കണക്കിന് കോടി രൂപ വായ്പ വാങ്ങിച്ചിട്ടുണ്ട്. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ധനികനായിരുന്നു അദാനി. ഹിന്‍ഡന്‍ ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അത് 24 ാം സ്ഥാനത്തേക്ക് പോയിരുന്നു.

അദാനിയുമായി ബന്ധപ്പെട്ട് ഏതാണ്ട് 24 കേസുകള്‍ സെബിയുടെ മുന്നില്‍ ഉണ്ടായിരുന്നു. അതില്‍ 22 എണ്ണം തീര്‍പ്പായി എന്നും രണ്ടെണ്ണം അന്വേഷണത്തിലെ സാങ്കേതിക ബുദ്ധിമുട്ടുകള്‍ കാരണം പൂര്‍ത്തിയാക്കാനുമായിട്ടില്ലെന്നാണ് സെബി അറിയിക്കുന്നത്. ഈ സംഭവങ്ങളൊക്കെ നടന്ന കാലത്ത് സെബിയുടെ ‍ഡയറക്ടറായിരുന്ന യു.കെ. സിന്‍ഹ ഇന്ന് അദാനിയുടെ ഉടമസ്ഥതയിലുള്ള എന്‍ഡിടിവി ഡയറക്ടര്‍മാരില്‍ ഒരാളാണ്.

നരേന്ദ്രമോദി രണ്ടാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ഗുജറാത്തില്‍നിന്ന് ഡല്‍ഹിയിലേക്ക് എത്തിയത് അദാനിയുടെ സ്വകാര്യ വിമാനത്തിലായിരുന്നു. ഭരിക്കുന്ന പാര്‍ട്ടിയുമായി അദാനിക്കുള്ള ബന്ധം പരസ്യമായിരിക്കെ അദാനിക്കെതിരെ ഒരു നടപടിയുമുണ്ടാവില്ല എന്നാണ് പൊതു അഭിപ്രായം.വിവാദം പുറത്തു വന്നതോടെ അദാനി ഗ്രൂപ്പിന്റെ ഓഹരികള്‍ കൂപ്പുകുത്തി. സംഭവം പുറത്തു വന്നതോടെ ഇതിരെനിതെ നടപടി ആശ്യപ്പെട്ട് രാഹുല്‍ഗാന്ധി രംഗത്തുവന്നു. ഇതു സംബന്ധിച്ച് ജോയിന്റ് പാര്‍ലമെന്ററി കമ്മിറ്റി അന്വേഷിക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

More Stories from this section

family-dental
witywide