
പത്തനംതിട്ട: ശബരിമലയിലെ തിരക്ക് നിയന്ത്രണം പാളിപ്പോയതിന് പഴികേള്‍ക്കുകയാണ് സര്‍ക്കാരും കേരളാപൊലീസും. മുന്‍ വര്‍ഷങ്ങളേക്കാള്‍ ഭക്തരെത്തിയതും പലയിടങ്ങളിലും തിരക്ക് നിയന്ത്രിക്കാനാവാത്തുമാണ് പൊലീസിനെ വന്‍ തോതില്‍ വിമര്‍ശനത്തിനിരയാക്കിയത്.
ഇതിനിടെ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തില്‍ എഡിജിപിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും തമ്മില്‍ തീര്‍ത്ഥതാടകരുടെ എണ്ണം സംബന്ധിച്ച ചര്‍ച്ചയില്‍ വാക്കുതര്‍ക്കം ഉണ്ടായി. തീര്‍ത്ഥാടരുടെ എണ്ണത്തില്‍ ദേവസ്വം ബോര്‍ഡ് കള്ളകണക്ക് പറയുകയാണെന്ന് എഡിജിപി എംആര്‍ അജിത്കുമാര്‍ കുറ്റപ്പെടുത്തി.
ഒരു മിനിറ്റില്‍ 60 പേരെ മാത്രമേ പതിനെട്ടാം പടി കയറ്റാന്‍ പറ്റുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ 75 നു മുകളില്‍ കയറ്റിയിട്ടുണ്ടെന്ന് ദേവസ്വം പ്രസിഡന്റ് പിഎസ് പ്രശാന്ത് പറഞ്ഞു. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി തര്‍ക്കത്തില്‍ ഇടപെടുകയും നമ്മള്‍ യോഗം ചേരുന്നത് ഏകോപനത്തിന് വേണ്ടിയാണെന്നും വ്യക്തമാക്കി.
അതേസമയം, തിരക്ക് നിയന്ത്രണത്തിന്റെ പേരില്‍ പഴികേട്ടതിനെത്തുടര്‍ന്ന് ശബരിമലയിലെ പൊലീസ് ഉദ്യോഗസ്ഥരിലും ഇന്നലെ രാത്രിയോടെ അഴിച്ചുപണി നടത്തി. കൊച്ചി ഡി.സി.പി സുദര്‍ശനനെ സന്നിധാനത്ത് നിയോഗിച്ചു.
എസ് മധുസൂദനനെ പമ്പ സ്‌പെഷ്യല്‍ ഓഫീസറായും, സന്തോഷ് കെ വിയെ നിലയ്ക്കല്‍ സ്‌പെഷ്യല്‍ ഓഫീസര്‍ ആയും നിയമിച്ചു. ശബരിമലയില്‍ മുന്‍ പരിചയമുള്ള എസ് പിമാരെയടക്കം ഉള്‍പ്പെടുത്തിക്കൊണ്ടാണ് മാറ്റം കൊണ്ടുവന്നിരിക്കുന്നത്.











