അന്ത്യശാസനവുമായി ഇസ്രയേൽ; വ്യോമാക്രമണത്തിൽ ഹമാസിൻ്റെ ഒരു കമാൻഡറെ കൂടി കൊലപ്പെടുത്തിയെന്ന് സൈന്യം

ടെല്‍ അവീവ്: ഹമാസിന്റെ ഒരു സൈനിക കമാന്‍ഡറെ കൂടി കൊലപ്പെടുത്തിയതായി ഇസ്രയേല്‍ സൈന്യം. ഇസ്രയേലിന്റെ അതിര്‍ത്തി ഗ്രാമങ്ങളായ നിരീം, നിര്‍ ഓസ് എന്നിവിടങ്ങളില്‍ ഹമാസ് കടന്നുകയറി നടത്തിയ കൂട്ടക്കൊലയ്ക്ക് നേതൃത്വം നല്‍കിയ സൈനിക കമാന്‍ഡര്‍ ബിലാല്‍ അല്‍-ഖെദ്രയാണ് ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഹമാസിന്റെ വടക്കന്‍ ഖാന്‍ യുനിസ് ബറ്റാലിയന്റെ കമാന്‍ഡറാണ് ഇയാള്‍.

ഗാസ മുനമ്പിലെ ഖാന്‍ യുനിസുള്‍പ്പടെയുള്ള നൂറിലധികം ഹമാസ് കേന്ദ്രങ്ങള്‍ ലക്ഷ്യംവെച്ചാണ് ഇസ്രയേല്‍ വ്യോമാക്രമണം നടത്തിയത്. ഇസ്രയേല്‍ അതിര്‍ത്തിയില്‍ കടന്നുകയറ്റം നടത്താനുള്ള ഹമാസിന്റെ പ്രവര്‍ത്തനശേഷി തകര്‍ക്കുകയാണ് ആക്രമണത്തിനു പിന്നിലെ ലക്ഷ്യമെന്ന് ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഹമാസിന്റെ ആന്റി ടാങ്ക് മിസൈല്‍ ലോഞ്ച് പാഡുകളും നിരീക്ഷണ കേന്ദ്രങ്ങളുമുള്‍പ്പടെയുള്ളവ ഇസ്രയേല്‍ സേന തകര്‍ത്തു.

കഴിഞ്ഞ ദിവസം ഹമാസിന്റെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍ മുറാദ് അബു മുറാദും ഇസ്രയേലിന്റെ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. ഹമാസിന്റെ വ്യോമാക്രമണങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചിരുന്നത് മുറാദ് ആയിരുന്നു. വടക്കന്‍ ഗാസയെ ലക്ഷ്യമിട്ട് കടലില്‍നിന്ന് ഇസ്രയേല്‍ ആക്രമണം കടുപ്പിച്ചിരിക്കുകയാണ്.

24 മണിക്കൂറിനിടെ ഗാസയില്‍ ഹമാസ് കമാന്‍ഡര്‍മാരുള്‍പ്പെടെ 324 പേര്‍ കൊല്ലപ്പെട്ടെന്നാണ് പലസ്തീന്‍ ആരോഗ്യമന്ത്രാലയം അറിയിച്ചത്. ഇതില്‍ 126 കുട്ടികളുമുണ്ട്. ആയിരത്തിലധികംപേര്‍ക്ക് പരിക്കേറ്റു. ഒരാഴ്ചയായി തുടരുന്ന യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം ഇസ്രയേലില്‍ 1300-ഉം ഗാസയില്‍ 2215-ഉം ആയി. വെസ്റ്റ് ബാങ്കിലെ ഇസ്രയേല്‍ സൈനികനടപടിയില്‍ 51 പലസ്തീന്‍കാര്‍ കൊല്ലപ്പെട്ടു.

More Stories from this section

family-dental
witywide