ദില്ലിയില്‍ കനത്ത മഴ; ജി20 ഉച്ചകോടി വേദിക്ക് സമീപം വെള്ളം കയറി, വെള്ളക്കെട്ട് നീക്കാന്‍ കഠിനശ്രമം

ന്യൂഡല്‍ഹി: ശനിയാഴ്ച രാത്രി മുതല്‍ ദില്ലിയില്‍ കനത്ത മഴയാണ്. മഴയെ തുടര്‍ന്ന് ദില്ലിയിലെ പല റോഡുകളും വെള്ളത്തിലായി. ജി 20 ഉച്ചകോടി നടക്കുന്ന പ്രഗതിമൈതാനിയിലെ ഭാരത് മണ്ഡലപത്തിലും അടിപ്പാതകളിലും വെള്ളം കയറി. പുലര്‍ച്ചെ മുതല്‍ വെള്ളക്കെട്ട് നീക്കാനുള്ള കഠിനശ്രമം തുടരുകയാണ്.

ലോക നേതാക്കള്‍ ഭാരത് മണ്ഡപത്തിലേക്ക് കടന്നുപോകുന്ന വഴികളില്‍ വെള്ളം നീക്കാനുള്ള ശ്രമമാണ് പ്രധാനമായും നടക്കുന്നത്. ഇന്ന് മഴ തുടരാനുള്ള സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

വലിയ മഴ ഉണ്ടായാല്‍ വീണ്ടും പ്രധാന വേദിക്കരുകിലേക്ക് വെള്ളം എത്താനുള്ള സാധ്യതയുണ്ട്. അതിനാല്‍ വെള്ളം കെട്ട് നീക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ ആലോചിക്കുകയാണ് ഉദ്യോഗസ്ഥര്‍. നിരവധി പേരെ ഇതിനായി നിയോഗിച്ചിട്ടുണ്ട്.

ഭാരത് മണ്ഡപത്തോട് ചേര്‍ന്നുള്ള മീഡിയ ഗ്യാലറിക്ക് സമീപവും വെള്ളം കെട്ടുണ്ട്. മഴയെ തുടര്‍ന്ന് രാവിലെയുള്ള ലോക നേതാക്കളുടെ രാജ്ഘട്ട് സന്ദര്‍ശനം നടക്കുമോ എന്ന ആശങ്ക നേരത്തെ ഉണ്ടായിരുന്നു. എന്നാല്‍ അല്പം മഴ മാറിയത് ആശ്വാസമായി.