തിരുവനന്തപുരം: മാസങ്ങൾക്കു മുൻപേ മുഴുവൻ പണവും വാങ്ങിയയാളുടെ പേരു പറഞ്ഞ് ജയസൂര്യ കർഷകരുടെ പേരിൽ പുതിയ തിരക്കഥ മെനഞ്ഞെന്ന് കൃഷിമന്ത്രി പി.പ്രസാദ്. ഒന്നാം ദിവസം ചില സിനിമകൾ പൊട്ടുന്ന പോലെ ഈ തിരക്കഥയും സിനിമയും പൊട്ടിപ്പോയെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷകരെ കുറിച്ച് ജയസൂര്യയ്ക്ക് അറിയുന്നതു പോലും സര്‍ക്കാരിന് അറിയില്ലെന്നും നെല്കർഷകരുടെ പ്രശ്നം ഉന്നയിച്ച ജയസൂര്യയ്ക്കു നേരെ വെട്ടുക്കിളികളെ പോലെ സൈബർ ആക്രമണങ്ങൾ ഉണ്ടായി എന്നും സണ്ണി ജോസഫ് എംഎല്‍എ നിയമസഭയില്‍ പറഞ്ഞപ്പോള്‍ മറുപടി നൽകുകയായിരുന്നു കൃഷിമന്ത്രി.
‘‘യഥാസമയങ്ങളിൽ കേന്ദ്രത്തിന്റെയോ സംസ്ഥാനത്തിന്റേയോ പൈസ കിട്ടാത്ത സാഹചര്യത്തിൽ ആ പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ് ബാങ്കുകളുമായി പിആർഎസ് സംവിധാനം നടപ്പിലാക്കിയത്. ഇത് നടപ്പിലാക്കിയപ്പോൾ ചിലർ ഒരുപാട് കഥകൾ ഇറക്കി. ആ കഥകളിൽ ഒന്നാണ് ഒരു സിനിമാ നടനും ഇറക്കിയ കഥ. മാസങ്ങൾക്കു മുൻപേ മുഴുവൻ പൈസയും വാങ്ങിയ ഒരാളുടെ പേരും പറഞ്ഞിട്ടാണ് ഒരു സിനിമാ താരം ഒരു പുതിയ തിരക്കഥ മെനഞ്ഞത്. ഒന്നാം ദിവസം തന്നെ ചില സിനിമകൾ പൊട്ടിപ്പോകുന്നതു പോലെ ഈ തിരക്കഥയും പടവും പൊട്ടിപ്പോയി.രണ്ട് മന്ത്രിമാരുടെ മുഖത്തു നോക്കി പറഞ്ഞ ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഓണമുണ്ണാൻ നിർവാഹമില്ലാതെ പൈസ ലഭ്യമാകാതെ ഇരിക്കുന്നു എന്നായിരുന്നു. അത് ഒരാളെ ചൂണ്ടിക്കാട്ടിത്തന്നെ ആയിരുന്നു പറഞ്ഞത്. അദ്ദേഹത്തിന് ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായി വലിയ ബന്ധവുമുണ്ട്. പാലക്കാട് ഉൾപ്പെടെ പോയി പ്രസംഗിക്കുകയും ചെയ്തു. കൃഷ്ണപ്രസാദ് എന്ന കർഷകൻ മാസങ്ങൾക്കു മുൻപ് അദ്ദേഹത്തിന്റെ മുഴുവൻ പൈസയും ലഭിച്ചതാണ്. ചെറുപ്പക്കാരൊന്നും കൃഷിയിലേക്കു വരുന്നില്ല എന്നല്ല ഞങ്ങൾ ആ വേദിയിൽ പ്രസംഗിച്ചത്. കൃഷികൊണ്ട് വരുമാനമുണ്ടാക്കി ഔഡി കാർ വാങ്ങിയ ഒരാൾ ആ വേദിയിൽ ഇരിപ്പുണ്ടായിരുന്നു. അതുപോലെ ഒരുപാട് ചെറുപ്പക്കാർ തന്നെ നമ്മുടെ നാട്ടിൽനിന്ന് കൃഷിയിലേക്ക് വരുന്നുണ്ട്’’ – പി.പ്രസാദ് പറഞ്ഞു.
റബർ കർഷകെ വഞ്ചിച്ചു എന്ന സണ്ണി ജോസഫിന്റെ പ്രസ്താവന രാഷ്ട്രീയപ്രേരിതമാണെന്നും മന്ത്രി പി.പ്രസാദ് ആരോപിച്ചു. ഒരു പൈസപോലും കേന്ദ്ര സഹായമില്ലാതെ 1914. 15 കോടി രൂപ കേരളത്തിലെ റബർ കർഷകർക്ക് നൽകാൻ കേരള സർക്കാരിനു കഴിഞ്ഞിട്ടുണ്ട്. ഇത് കെ.എം.മാണി ധനമന്ത്രിയായിരുന്നപ്പോൾ കൊണ്ടുവന്ന പദ്ധതിയുടെ ഭാഗമാണ്. എന്നാൽ ഈ പണത്തിന്റെ സിംഹഭാഗവും കൊടുത്തത് രണ്ട് എൽഡിഎഫ് സർക്കാരുകളുടെ കാലത്താണ്. കേന്ദ്രത്തിന്റെ സഹായത്തോടെയാണ് റബറിന്റെ താങ്ങുവില 250 രൂപയാക്കുമെന്ന് പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.