
സോഷ്യൽ മീഡിയ ആക്ടിവിസ്റ്റും നടിയുമായ പ്രാപ്തി എലിസബത്തിനെതിരെ രൂക്ഷ പ്രതികരണവുമായി നടി അഹാന കൃഷ്ണ. കൃഷ്ണകുമാറിന്റെ ഇസ്രായേൽ അനുകൂല നിലപാടിനെ വിമർശിച്ച പ്രാപ്തി, കുടുംബത്തെ ഇസ്രായേൽ അനുകൂലികൾ എന്നു വിളിച്ചതിനെതിരെയാണ് അഹാനയുടെ പ്രതികരണം. നടന്റെ കുടുംബഫോട്ടോ പങ്കിട്ടായിരുന്നു പ്രാപ്തിയുടെ വിമർശനം. ഇദ്ദേഹത്തിന്റെ രണ്ട് മക്കൾ ഈ നിലപാടിനെ അനുകൂലിച്ചവരാണെന്നും പേസ്റ്റിൽ പറയുന്നു. ഇതിനെതിരെയാണ് അഹാന തുറന്നടിച്ചത്.
‘‘മറ്റൊരാളുമായി രാഷ്ട്രീയ അഭിപ്രായ ഭിന്നതകൾ ഉണ്ടാകുന്നത് സ്വാഭാവികം. എന്നാൽ അതിലേക്ക് അവരുടെ കുടുംബത്തെ വലിച്ചിഴയ്ക്കുന്നത് തീർത്തും അരോചകവും വെറും മൂന്നാംകിട പ്രവൃത്തിയുമാണ്. അടിസ്ഥാനമില്ലാത്ത ഒരു കാര്യത്തിനായി ഞങ്ങളുടെ കുടുംബ ഫോട്ടോ തപ്പിയെടുത്ത നിങ്ങളുടെ പ്രവൃത്തി ആലോചിക്കുമ്പോൾ നിങ്ങളെ ഒരു സമയത്ത് ഞാൻ പിന്തുണച്ചിരുന്നല്ലോയെന്ന ചോദ്യമാണ് മനസ്സിൽ വരുന്നത്. ഇനി ഞാൻ എന്റെ കാര്യം പറയാം. ഇക്കാര്യത്തിൽ ഞാൻ എവിടെയെങ്കിലും പ്രതികരിച്ചിരുന്നോ? ഒരിക്കലുമില്ല, പിന്നെ എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ എന്റെ ഫോട്ടോ പങ്കിട്ടത്? വസ്തുത മനസ്സിലാക്കാൻ ഒരു രണ്ട് മിനിറ്റെങ്കിലും നിങ്ങൾ എന്തുകൊണ്ടാണ് ചെലവിടാതിരുന്നത്? എന്താണ് നിങ്ങളുടെ ലക്ഷ്യം? ലോകം നന്നാക്കലോ? അതോ ആരെയെങ്കിലും അപകീർത്തിപ്പെടുത്തലോ? അതോ ശ്രദ്ധപിടിച്ചുപറ്റാനുള്ള ശ്രമമാണോ? ഒരിക്കല്‍ നിങ്ങളുടെ അഭ്യുദയകാംക്ഷിയായിരുന്നു. അത് നിങ്ങള്‍ക്കും അറിയുന്ന കാര്യമാണ്. എന്നാല്‍ യാതൊരു അടിസ്ഥാനവുമില്ലാത്ത കാര്യത്തിന് വേണ്ടി നിങ്ങള്‍ ശ്രദ്ധ നേടാന്‍ നടത്തിയ ഈ പ്രവൃത്തി ഹൃദയഭേദകമാണ്.
ഫെമിനിസം, തുല്യത, മനുഷ്യത്വം എന്നിവയെപ്പറ്റി ഒരുപാട് പറയുന്ന നിങ്ങള്‍ ഇങ്ങനെ ചെയ്തത് നിങ്ങളിലെ കാപട്യം ഒന്നുകൊണ്ടു മാത്രമാണ്. എന്റെ അച്ഛന്റെ രാഷ്ട്രീയത്തോട് വിജോജിപ്പുണ്ടെന്ന കാരണത്താല്‍ ദിനവും എന്റേയും എന്റെ അമ്മയുടേയും സഹോദരിമാരുടേയും സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളില്‍ വെറുപ്പ് തുപ്പുന്ന ഒരുപാട് പേരെ ഞാന്‍ കാണാറുണ്ട്. ഞങ്ങളെല്ലാവരും വ്യത്യസ്തരാണെന്നും വ്യത്യസ്തമായ അഭിപ്രായമുള്ളവരാണെന്നും മനസിലാക്കാനുള്ള സാമാന്യബോധമില്ലാത്തവരാണ് അവര്‍. കുറഞ്ഞ പക്ഷം അവര്‍ക്ക് മുഖമില്ലെന്ന് വയ്ക്കാം. പക്ഷേ നിങ്ങളുടെ കാര്യമോ. നിങ്ങളെ പോലെ സാമൂഹ്യ പ്രതിബദ്ധതയുള്ളൊരാളെ ഞാന്‍ കണ്ടില്ലെന്ന് നടിച്ചാല്‍ അത് തെറ്റാകും. ഞാന്‍ വീണ്ടും പറയുന്നു. നാണക്കേട്. നിങ്ങള്‍ എന്നും പരിഹസിക്കുന്ന ആളുകളെ പോലെ നിങ്ങളും പ്രവർത്തിക്കുന്നതിനാല്‍ ലജ്ജിക്കൂ,” അഹാന കുറിച്ചു.
തൊട്ടുപിന്നാലെ അഹാനയ്ക്ക് മറുപടിയുമായി പ്രാപ്തിയും രംഗത്തെത്തിയിട്ടുണ്ട്. സഹോദരിമാരോട് വംശഹത്യയ്ക്കൊപ്പം നില്‍ക്കുന്നത് വേറിട്ട രാഷ്ട്രീയ ചിന്തയല്ലെന്ന് പറഞ്ഞു കൊടുക്കുക എന്നായിരുന്നു പ്രാപ്തിയുടെ പ്രതികരണം.
ജാന്‍-എ-മന്‍ എന്ന സിനിമയില്‍ അമ്മു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നടിയാണ് പ്രാപ്തി എലിസബത്ത്. സമകാലിക പ്രസക്തമായ വിഷയങ്ങളില്‍ സര്‍ക്കാസമായി പ്രതികരിക്കുന്ന പ്രാപ്തിയുടെ വീഡിയോകള്‍ ശ്രദ്ധനേടാറുണ്ട്.












