എഐ ക്യാമറ: മുഖ്യമന്ത്രിയുടെ മകനെതിരെ കോണ്‍ഗ്രസ്

തിരുവനന്തപുരം: റോഡ് ക്യാമറ കരാറിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകനെതിരെ വീണ്ടും ആരോപണവുമായി പ്രതിപക്ഷം. പ്രസാഡിയോ കമ്പനിക്ക് മുഖ്യമന്ത്രിയുടെ മകന്റെ കുടുംബവുമായി ബന്ധമുണ്ടെന്നാണ് പിസി വിഷ്ണുനാഥിന്റെ ആരോപണം. എഐ ക്യാമറയിൽ വലിയ അഴിമതി നടന്നു. മോഷണം തടയാനായി വീടുകളിൽ ക്യാമറ വയ്ക്കുന്നത് നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ, മോഷ്ടിക്കാൻ ക്യാമറ വയ്ക്കുന്ന സംസ്ഥാനത്തെ ആദ്യ പദ്ധതിയാണ് എഐ ക്യാമറയെന്ന് സർക്കാരിനെ പരിഹസിച്ചുകൊണ്ട് വിഷ്ണുനാഥ് സഭയിൽ പറഞ്ഞു. പദ്ധതിയ്ക്കായി 60 ശതമാനമാണ് നോക്കുകൂലിയെന്നും അദ്ദേഹം ആരോപിച്ചു.

എന്നാൽ എഴുതിനൽകാത്തത് ആരോപണമായി ഉന്നയിക്കരുതെന്ന് ധനമന്ത്രി കെഎൻ ബാല​ഗോപാൽ പറഞ്ഞു. മുഖ്യമന്ത്രിയുടെ മകനെതിരെയുളള ആരോപണം രേഖകളിൽനിന്ന് നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എഐ പദ്ധതിയുമായി ബന്ധപ്പെട്ടുളള രേഖകളെല്ലാം സർക്കാരിന്റെ പക്കലുണ്ടെന്നും സമയം അനുവദിച്ചാൽ സഭയിൽ അത് ചർച്ച ചെയ്യാൻ തയാറാണെന്നും ധനമന്ത്രി കെഎൻ ബാലഗോപാൽ പറഞ്ഞു. ഇക്കാര്യം പരിശോധിക്കാമെന്ന് സ്പീക്കർ എഎൻ ഷംസീർ വ്യക്തമാക്കി.