സ്ത്രീകൾക്ക് കിട്ടാൻ പോകുന്നത് എട്ടിന്റെ പണി; ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെ സൂക്ഷിക്കണം

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മൂലം 2030-ഓടെ ലോകത്ത് 20 ലക്ഷം മുതൽ 30 ലക്ഷം വരെ തൊഴിൽ നഷ്ടമുണ്ടാകുമെന്ന് പഠനം. ഗവേഷണ സ്ഥാപനമായ മക്കിൻസി ഗ്ലോബൽ ഇൻസ്റ്റിറ്റ്യൂട്ടിന്റേതാണു പഠനം. ആർട്ടിഫിഷ്യൽ ഇന്റലിജൻ‌സും ഓട്ടമേഷനുമൊക്കെ കാരണം ഈ പതിറ്റാണ്ടിന്റെ അവസാനം തന്നെ വൻ തൊഴിൽനഷ്ടം ഉടലെടുക്കുമെന്നാണു റിപ്പോർട്ട്. പുരുഷൻമാരെക്കാൾ സ്ത്രീകളുടെ തൊഴിൽനഷ്ടത്തിനാകും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വഴിയൊരുക്കു എന്നും പഠനത്തിൽ പറയുന്നു.

പത്തിൽ എട്ട് സ്ത്രീകൾക്ക് മറ്റ് കമ്പനികളിലേക്ക് മാറേണ്ടി വരികയോ തൊഴിൽ നഷ്ടമാകുകയോ ചെയ്തേക്കാം. വരും വർഷങ്ങളിൽ ഫുഡ് സർവീസസ്, കസ്റ്റമർ സർവീസ്, ഓഫിസ് സപ്പോർ‌ട്ട് തുടങ്ങിയ തൊഴിൽ മേഖലകളിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പിടിമുറുക്കും. ഈ മേഖലകളിൽ പുരുഷന്മാരെക്കാൾ കൂടുതൽ സ്ത്രീകളാണ് ജോലി ചെയ്യുന്നത്.

സ്ത്രീകൾ കൂടുതലായി ജോലി ചെയ്യുന്ന ചില്ലറവ്യാപാരം, കാഷ്യർ തുടങ്ങിയ തസ്തികകളും ബാധിക്കപ്പെടുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിലുള്ള തസ്തികകളിൽ തന്നെ തുടരാതെ വ്യത്യസ്ത നൈപുണ്യങ്ങൾ ആർജിക്കാനും റിപ്പോർട്ട് നിർദേശിക്കുന്നു. ഓട്ടോമേഷനോടൊപ്പം എങ്ങനെ പ്രവർത്തിക്കാമെന്ന് പഠിക്കാൻ കഴിവുള്ള ആളുകളെ റിക്രൂട്ട് ചെയ്യാനും നിയമിക്കാനും പരിശീലിപ്പിക്കാനും ഈ റിപ്പോർട്ട് കമ്പനികളെ ഉപദേശിക്കുന്നു.

2030 അവസാനത്തോടെ യുഎസിലെ 12 ദശലക്ഷം തൊഴിലാളികളെങ്കിലും തൊഴിൽ മാറ്റേണ്ടിവരുമെന്ന് റിപ്പോർട്ടിൽ പറയുന്നു.