മുംബൈ: അന്ധേരിയിൽ എയര്‍ഹോസ്റ്റസ് ട്രെയിനിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഹൗസിങ് സൊസൈറ്റിയിലെ തൂപ്പുജോലിക്കാരനായ വിക്രം അത്‌വാളിനെ(40) പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാവിലെ തുംഗ ഗ്രാമത്തിലെ വീട്ടില്‍നിന്നാണ് ഇയാളെ പിടികൂടിയതെന്നും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 14 മണിക്കൂറിനകം ഇയാളെ അറസ്റ്റ് ചെയ്യാനായെന്നും ഡിസിപി ദത്ത നലാവാഡേ മാധ്യമങ്ങളോട് പറഞ്ഞു.
യുവതിയുടെ കൊലപാതകത്തില്‍ എട്ടുസംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് അന്വേഷണം നടത്തിയത്. അപ്പാര്‍ട്ട്‌മെന്റ് സമുച്ചയത്തിലെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘം ശേഖരിച്ചിരുന്നു. ഒട്ടേറെപേരെ ചോദ്യംചെയ്തു. ഇതിനുശേഷമാണ് സംശയമുള്ളവരുടെ പട്ടിക തയ്യാറാക്കി അന്വേഷണം വിപുലമാക്കി പ്രതിയെ പിടികൂടിയതെന്നും പൊലീസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് വിക്രമിന്റെ ഭാര്യയെയും പൊലീസ് ചോദ്യം ചെയ്യുന്നതായാണ് റിപ്പോര്‍ട്ട്. ഇവരും ഹൗസിങ് സൊസൈറ്റിയിലെ ജോലിക്കാരിയാണ്. കൊലപാതകത്തിന്റെ കാരണം കണ്ടെത്താനായി വിശദമായ അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.
ഛത്തീസ്ഗഢ് സ്വദേശിനിയും എയര്‍ഹോസ്റ്റസ് ട്രെയിനിയുമായ രുപാല്‍ ഒഗ്രേ(25)യെ ഞായറാഴ്ച രാത്രിയാണ് മുംബൈ മരോലിലെ അപ്പാര്‍ട്ട്‌മെന്റില്‍ കഴുത്തറത്ത് കൊലപ്പെടുത്തിയനിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ വാട്‌സാപ്പ് വിഡിയോ കോളില്‍ ബന്ധുക്കളുമായി സംസാരിച്ചിരുന്ന രുപാല്‍ ഇതിനുശേഷം ഫോണ്‍ എടുത്തിരുന്നില്ല. തുടര്‍ന്ന് ഛത്തീസ്ഗഢിലെ ബന്ധുക്കള്‍ മുംബൈയിലുള്ള സുഹൃത്തുക്കളോട് ഫ്‌ളാറ്റിലെത്തി അന്വേഷിക്കാന്‍ നിര്‍ദേശം നല്‍കി. എന്നാല്‍, സുഹൃത്തുക്കള്‍ ഫ്‌ളാറ്റിലെത്തി ഏറെനേരം കോളിങ് ബെല്ലടിച്ചിട്ടും പ്രതികരണമുണ്ടായില്ല. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഡ്യൂപ്ലിക്കേറ്റ് താക്കോല്‍ ഉപയോഗിച്ച് പൊലീസ് സംഘം അപ്പാര്‍ട്ട്‌മെന്റ് തുറന്ന് പരിശോധിച്ചതോടെയാണ് യുവതിയെ ചോരയില്‍കുളിച്ച നിലയില്‍ കണ്ടെത്തിയത്.
ഏപ്രില്‍ മാസത്തിലാണ് രുപാല്‍ ഒഗ്രേ എയര്‍ഇന്ത്യയിലെ പരിശീലനത്തിനായി മുംബൈയിലെത്തിയത്. മരോലിലെ അപ്പാര്‍ട്ട്‌മെന്റില്‍ സഹോദരിക്കും ഇവരുടെ സുഹൃത്തിനും ഒപ്പമായിരുന്നു താമസം. എട്ടുദിവസം മുന്‍പാണ് ഇരുവരും നാട്ടിലേക്ക് പോയതെന്നും സംഭവദിവസം രുപാല്‍ മാത്രമാണ് അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്നതെന്നും പൊലീസ് പറഞ്ഞു.