എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ ബസ്; 350 പേർക്കുവരെ സഞ്ചരിക്കാം- ചിത്രങ്ങൾ

ന്യൂഡൽഹി: എയർ ഇന്ത്യയുടെ ആദ്യത്തെ വൈഡ് ബോഡി വിമാനം എ350 ശനിയാഴ്ച ഡൽഹി വിമാനത്താവളത്തിൽ എത്തി. ഇതോടെ രാജ്യത്ത് എ350 വിമാനം അവതരിപ്പിക്കുന്ന ആദ്യ എയര്‍ലൈനായിരിക്കുകയാണ് ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ.

ഫ്രാന്‍സിലെ എയര്‍ബസ് നിര്‍മ്മാണശാലയില്‍ നിന്ന് പുറപ്പെട്ട VT-JRA എന്ന രജിസ്‌ട്രേഷനിലുള്ള വിമാനം ശനിയാഴ്ച ഉച്ചയ്ക്ക് 01:46-നാണ് ഡല്‍ഹി വിമാനത്താവളത്തിന്റെ റണ്‍വേയില്‍ ഇറങ്ങിയത്. യൂറോപ്യന്‍ കമ്പനിയായ എയര്‍ബസിന് 250 വിമാനങ്ങള്‍ക്കുള്ള ഓര്‍ഡറാണ് എയര്‍ ഇന്ത്യ നല്‍കിയത്. ഇതില്‍ ആദ്യവിമാനമാണ് ഇപ്പോള്‍ എത്തിയത്.

Air India A350 Premium Economy Class(Air India)

എ350-900 വൈഡ് ബോഡി വിമാനം ജനുവരിയില്‍ സര്‍വ്വീസ് ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആഭ്യന്തര റൂട്ടിലെ സര്‍വ്വീസിനായാണ് ഈ വിമാനം ഉപയോഗിക്കുക. പിന്നീട് വിമാനം ദീര്‍ഘദൂര അന്താരാഷ്ട്ര സര്‍വ്വീസുകള്‍ക്കായി ഉപയോഗിക്കും. പുതിയ വിമാനത്തിന്റെ ഷെഡ്യൂള്‍ വരുന്ന ആഴ്ചകളില്‍ പുറത്തുവിടുമെന്നാണ് എയര്‍ ഇന്ത്യ വൃത്തങ്ങള്‍ പറയുന്നത്.

Air India 350 Economy Class(Air India)

ഓര്‍ഡര്‍ ചെയ്ത 250 എണ്ണത്തില്‍ 20 എണ്ണം എ350-900 വൈഡ് ബോഡി വിമാനങ്ങളാണ്. ഇതിന് പുറമെ 20 എ350-1000 വിമാനങ്ങളും 210 എ320 നിയോ നാരോബോഡി വിമാനങ്ങളുമാണ് എയര്‍ ഇന്ത്യ ഓര്‍ഡര്‍ ചെയ്തത്. അടുത്ത മാര്‍ച്ച് മാസത്തില്‍ അഞ്ച് എ350-900 വൈഡ് ബോഡി വിമാനങ്ങള്‍ കൂടി എയര്‍ ഇന്ത്യയ്ക്കായി എത്തും.

Air India A350 Business Class 1(Air India)