
ന്യൂഡൽഹി: വായുഗുണനിലവാര സൂചിക അതീവ അപകട നിലയിലേക്ക് ഉയർന്നതോടെ ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ഡൽഹി മാറി. വായു ഗുണനിലവാര സൂചിക (എക്യുഐ) 640 എന്ന് രേഖപ്പെടുത്തിയതോടെയാണിത്. ലോകാരോഗ്യ സംഘടനയുടെ കണക്കുപ്രകാരം അനുവദനീയമായതിന്റെ നൂറുമടങ്ങാണ് ഡൽഹിയിലെ വായുനിലവാരം കൂപ്പുകുത്തിയത്.
ലോകത്തെ ഏറ്റവും മോശം വായുനിലവാരമുള്ള പത്തിൽ മൂന്ന് നഗരവും ഇന്ത്യയിലാണ്. ഒന്നാം സ്ഥാനത്ത് ഡൽഹി. മൂന്ന്, ആറ് സ്ഥാനങ്ങളിൽ യഥാക്രമം മുംബൈ, കൊൽക്കത്ത നഗരങ്ങൾ. പട്ടികയിൽ രണ്ടാം സ്ഥാനം പാകിസ്ഥാനിലെ ലാഹോറിനാണ്. തത്സമയം വായുനിലവാരം പരിശോധിക്കുന്ന സ്വിറ്റ്‌സർലൻഡ് ആസ്ഥാനമായ സ്ഥാപനത്തിന്റേതാണ് കണക്ക്.
ഔദ്യോഗികമായി ശനിയാഴ്‌ച രേഖപ്പെടുത്തിയ 504ൽ നിന്ന് അൽപ്പം കുറഞ്ഞ് 467 ആണ് ഞായർ പകൽ ഡൽഹി ദേശീയ തലസ്ഥാന മേഖലയിൽ (എൻസിആർ) രേഖപ്പെടുത്തിയ എക്യുഐ. 15.8 ഡിഗ്രിയാണ് കുറഞ്ഞ താപനില.
വായുഗുണനിലവാരം 450ൽ അധികരിച്ചതോടെ കേന്ദ്രം എൻസിആർ മേഖലയിൽ നാലാംഘട്ട പ്രതിരോധ നടപടികൾ പ്രഖ്യാപിച്ചു. അടിയന്തര സ്വഭാവമുള്ള പ്രവർത്തനങ്ങളൊഴികെ എല്ലാ നിർമാണ–- പൊളിക്കൽ നടപടികളും നിർത്താനാണ് ഉത്തരവ്. നോയിഡ, ഗുഡ്‌ഗാവ്, ഗാസിയാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലും ഉത്തരവ് ബാധകമാണ്.
കൂടാതെ, നഗരത്തിലേക്ക് ഡീസൽ ഇന്ധനമാകുന്ന വലിയ– -ചെറുകിട ഭാരവാഹനങ്ങളുടെ പ്രവേശനവും നിരോധിച്ചു. ഡൽഹിയിലെ എല്ലാ സ്‌കൂളുകളും അടച്ചത് പത്തുവരെ നീട്ടി. ഹോട്ട്‌സ്‌പോട്ടുകളായ മേഖലകളിൽ അഗ്നിരക്ഷാസേന വെള്ളം തളിക്കുന്നുണ്ട്. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളിൽ വൈക്കോൽ കത്തിക്കുന്നതും കുറഞ്ഞ താപനിലയിൽ കാറ്റിന്റെ വേഗം കുറഞ്ഞതുമാണ് മലിനീകരണത്തിന് കാരണമെന്നാണ് ഡൽഹി മലിനീകരണ നിയന്ത്രണ ബോർഡ് ചെയർമാൻ അശ്വിനി കുമാർ പറയുന്നത്.
air quality index has been in the “severe” category.