
തിരുവനന്തപുരം: അവധിക്കാലം കഴിഞ്ഞ് ഗൾഫിലേക്ക് മടങ്ങുന്ന പ്രവാസികൾക്ക് ഇരുട്ടടിയായി വിമാന ടിക്കറ്റ് നിരക്കിൽ വമ്പിച്ച വർധന. ഗള്‍ഫിലെ സ്‌കൂള്‍ അവധിക്കാലം കഴിഞ്ഞു പ്രവാസി മലയാളികള്‍ നാട്ടില്‍ നിന്ന് ഗള്‍ഫിലേക്കുള്ള കുടുംബമായി പോകുന്ന സമയം മുതലെടുത്താണ് വിമാന കമ്പനികള്‍ വന്‍ തോതില്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചിരിക്കുന്നത്.
ഓഗസ്റ്റ് മാസം മുഴുവനായും സെപ്റ്റംബര്‍ പകുതി വരെയും കേരളത്തില്‍ നിന്ന് യു എ ഇ യിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ് വിമാനകമ്പനികള്‍. കേരളത്തില്‍ നിന്ന് യുഎഇയിലെ വിമാനത്താവളങ്ങളിലേക്ക് ഇരുപത്തി അയ്യായിരം രൂപക്ക് മുകളിലാണ് ടിക്കറ്റ് നിരക്ക്.

അച്ഛനും അമ്മയും രണ്ടു കുട്ടികളുമടങ്ങുന്ന ഒരു കുടുംബത്തിന് അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് മടങ്ങണമെങ്കില്‍ ഒരു ലക്ഷം രൂപക്ക് മുകളില്‍ വരും ചിലവ്. ഈ മാസം അവസാനം ഓണമായതിനാല്‍ നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്കും 15നു ശേഷം വര്‍ധിക്കും. സ്‌കൂള്‍ അവധിക്കാലവും പെരുന്നാള്‍, ഓണം പോലുള്ള സീസണ്‍ അവധികളും മുതലെടുത്ത് വിമാന കമ്പനികള്‍ നടത്തുന്ന ഈ ചൂഷണം ഇത്തവണയും തുടരുകയാണ്.
സാധാരണ ഗതിയില്‍ 7000 മുതല്‍ 8000 രൂപക്ക് വരെ നല്‍കുന്ന ടിക്കറ്റിനാണ് ഈ സീസണുകളില്‍ നാല്‍പ്പതിനായിരം രൂപ വരെ ഈടാക്കുന്നത്. ഗള്‍ഫ് രാജ്യങ്ങളിലേക്കും തിരിച്ചും കൂടുതല്‍ സര്‍വീസുകള്‍ അനുവദിക്കുകയും ടിക്കറ്റ് നിരക്ക് കുറക്കാന്‍ വിമാന കമ്പനികളില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്താല്‍ മാത്രമേ പ്രവാസി മലയാളികള്‍ക്ക് അല്പമെങ്കിലും ആശ്വാസമാകൂ. കേന്ദ്ര സര്‍ക്കാര്‍ ഈ വിഷയത്തില്‍ അടിയന്തിരമായി ഇടപെടണമെന്നാണ് പ്രവാസി മലയാളികള്‍ ആവശ്യപ്പെടുന്നത്.