
മുംബൈ: മനുഷ്യക്കടത്ത് സംശയിച്ച് 303 ഇന്ത്യന്‍ യാത്രക്കാരുമായി ഫ്രാന്‍സില്‍ തടഞ്ഞുവെച്ച വിമാനം തിരികെ മുംബൈയിലെത്തി. ഇന്ന് പുലര്‍ച്ചെ നാലുമണിക്കുശേഷമാണ് എയര്‍ബസ് എ340 എന്ന വിമാനം മുംബൈയില്‍ ലാന്‍ഡ് ചെയ്തത്. ഫ്രഞ്ച് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് അധികൃതര്‍ വിമാനം വിട്ടയച്ചത്. നാലു ദിവസത്തെ തടങ്കലിനു ശേഷം പ്രാദേശിക സമയം ഇന്നലെ ഉച്ചയ്ക്ക് 2.30 ഓടെ പാരീസിനടുത്തുള്ള വാത്രി വിമാനത്താവളത്തില്‍ നിന്നാണ് വിമാനം പറന്നുയര്‍ന്നത്.
മുംബൈയിലേക്ക് പറന്നുയരുമ്പോള്‍ വിമാനത്തില്‍ 276 യാത്രക്കാര്‍ ഉണ്ടായിരുന്നുവെന്നും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍ ഉള്‍പ്പെടെ 25 പേര്‍ അഭയം തേടാന്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നുവെന്നും അവര്‍ ഇപ്പോഴും ഫ്രാന്‍സില്‍ തുടരുകയാണെന്നും ഫ്രഞ്ച് അധികൃതര്‍ പറഞ്ഞു. കൂടാതെ മറ്റ് രണ്ട് പേരെ കസ്റ്റഡിയിലെടുത്ത് ഒരു ജഡ്ജിയുടെ മുമ്പാകെ ഹാജരാക്കിയെന്നും പിന്നീട് അവരെ വിട്ടയച്ചെന്നും വിവരമുണ്ട്.
ഇന്ത്യക്കാരുള്‍പ്പെടെ 303 യാത്രക്കാരുമായാണ് റൊമാനിയന്‍ ചാര്‍ട്ടേഡ് കമ്പനിയായ ലെജന്റ് എയര്‍ലൈന്‍സിന്റെ എയര്‍ബസ് എ- 340 വിമാനം ദുബായില്‍നിന്ന് നിക്കരാഗ്വയിലേക്ക് പോയത്. സാങ്കേതികത്തകരാറിനെത്തുടര്‍ന്ന് കിഴക്കന്‍ ഫ്രാന്‍സിലെ വാട്രി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു വിമാനം പിടികൂടിയത്. വ്യാഴാഴ്ചയായിരുന്നു സംഭവം. വിമാനത്തിലുള്ളവര്‍ മനുഷ്യക്കടത്തിന്റെ ഇരകളാണെന്ന വിവരത്തെ തുടര്‍ന്നായിരുന്നു വിമാനം തടഞ്ഞുവെച്ചത്.
വിമാനത്തിലെ പലയാത്രക്കാര്‍ക്കും തങ്ങളുടെ സ്വന്തം നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമില്ലെന്നും ഇതേ തുടര്‍ന്ന് മടക്കയാത്ര അനിശ്ചിതത്വത്തിലാണെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.